റിയാദിലെ ഫാൽക്കൺ ലേലത്തിൽ മൂന്ന് പരുന്തുകളെ വിറ്റത് 80,49,965 കോടി രൂപക്ക്‌

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന നാഷണൽ ഫാൽക്കൺ സെന്ററിന്റെ ലേലത്തിൽ മൂന്ന് പരുന്തുകളെ വിറ്റത് ആകെ 3,19,000 സൗദി റിയാലിന് (ഏകദേശം 80,49,965രൂപ). നവംബർ 30 വരെ നീളുന്ന ലേലത്തിന്റെ 16-ാം ദിനത്തിലാണ് വിൽപ്പന നടന്നത്. പരുന്തുകളെ വളർത്തുന്നവരുടെയും പ്രേമികളുടെയും വൻ ജനപങ്കാളിത്തമാണ് ലേലത്തിന് ലഭിക്കുന്നത്.
ഹസ്മ് അൽ ജലാമിദിന് തെക്ക് അൽ അംഹാസിൽ നിന്ന് ഒമ്പത് പരുന്തുപിടിത്തക്കാർ ചേർന്ന് പിടികൂടിയ ഇളം പെരിഗ്രിൻ പരുന്താണ് ആദ്യം ലേലത്തിന് എത്തിയത്. 70,000 റിയാലിൽ തുടങ്ങിയ ലേലം 1,53,000 റിയാലിലാണ് (ഏകദേശം 17.61 ലക്ഷം രൂപയിൽ തുടങ്ങി 38.49 ലക്ഷം രൂപയിൽ അവസാനിച്ചു.) അവസാനിച്ചത്.
റഫ്ഹയിൽ നിന്ന് ആറുപേർ ചേർന്ന് പിടികൂടിയ രണ്ടാമത്തെ ഇളം പെരിഗ്രിൻ പരുന്തിന് 60,000 റിയാലായിരുന്നു (14,40,000രൂപ) പ്രാരംഭ വില. ഒടുവിൽ 86,000 (21,70,545രൂപ) റിയാലിന് വിറ്റു.
ഹനീദ് (വാദി അൽ അജ്മാൻ) മേഖലയിൽ നിന്ന് പരുന്തുപിടിത്തക്കാരനായ അബ്ദുല്ല തമീം അൽ ദോസരി പിടികൂടിയ പരുന്തായിരുന്നു രാത്രിയിലെ അവസാന ലേലവസ്തു. 50,000 റിയാലിൽ( 12,50,000 രൂപ) തുടങ്ങിയ ലേലം 80,000 റിയാലിലാണ് (20,00,000രൂപ) അവസാനിച്ചത്.
സൗദി അറേബ്യയിൽ നിന്ന് പിടികൂടുന്ന പ്രായപൂർത്തിയാകാത്ത ദേശാടന പെരിഗ്രിൻ പരുന്തുകളെ മാത്രമാണ് ലേലത്തിൽ ഉൾപ്പെടുത്തുന്നത്. പരുന്തുകളുടെ വംശപരമ്പരയും ജനസംഖ്യയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുതിർന്ന പെരിഗ്രിൻ പരുന്തുകളെയും സാക്കർ ഇനത്തിൽപ്പെട്ട പരുന്തുകളെയും ലേലത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് മാസം നീളുന്ന ലേലം പരുന്തുപിടിത്തക്കാരെയും വാങ്ങുന്നവരെയും ഒരുമിച്ചുകൊണ്ടുവരുന്നു. പരുന്തുപിടിത്ത സീസണിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ പിടികൂടുന്ന പക്ഷികളെ കേന്ദ്രത്തിൽ എത്തിക്കുകയും പരുന്തുടമകളുടെ പങ്കാളിത്തം ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ലേല നടപടികൾ ടെലിവിഷനിലും കേന്ദ്രത്തിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കും ലേലം വീക്ഷിക്കാൻ ഇതിലൂടെ അവസരമൊരുക്കുന്നു.
ഈ സീസണിൽ ഇതിനകം നിരവധി ഉയർന്ന വിലയുള്ള വിൽപ്പനകൾ ലേലത്തിൽ നടന്നിട്ടുണ്ട്. എട്ടാം ദിനത്തിൽ ഉമ്മു ഖൻസർ എന്ന ഇളം പെരിഗ്രിൻ പരുന്ത് 3,75,000 റിയാലിന് വിറ്റപ്പോൾ (94,65,000രൂപ ) അൽ ഹിൽവ എന്ന മറ്റൊരു പരുന്ത് 2,21,000 റിയാലിനാണ് (5,17,000രൂപ)വിറ്റത്.