വൈവിധ്യമാർന്ന വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ചില്ല

റിയാദ്: വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന നാല് പുസ്തകങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ച് സെപ്റ്റംബർ ലക്കം ചില്ല പ്രതിമാസ വായന സംഘടിപ്പിച്ചു.
തെയ്യങ്ങളെയും അവയുമായി ആഴത്തിൽ വേരോടിച്ചേർന്ന് നിൽക്കുന്ന ജനകീയ സംസ്കാരത്തെയും ആധാരമാക്കി വടക്കൻ മലബാറിന്റെ പുരാവൃത്തങ്ങളിലേക്ക് വെളിച്ചം വീശുന്ന വി. കെ. അനിൽകുമാറിന്റെ ദൈവക്കരു എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ച് രാജേഷ് ഓണാക്കുന്ന് ചില്ലയ്ക്ക് തുടക്കം കുറിച്ചു.
ബ്രിട്ടീഷ് എഴുത്തുകാരനായ മാറ്റ് ഹെയ്ഗിന്റെ ഫിലോസഫിക്കൽ ഫാന്റസി നോവൽ ദ മിഡ്നൈറ്റ് ലൈബ്രറി സ്നിഗ്ദ വിപിൻ അവതരിപ്പിച്ചു. ജീവിതത്തിലെ ശൂന്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച നോറ സീഡ്, മരണത്തിന് മുമ്പ് തന്റെ ജീവിതത്തിന്റെ അനന്തമായ സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും ജീവിതത്തെ യഥാർഥത്തിൽ അർഥവത്താക്കുന്നത് എന്താണെന്ന് കണ്ടെത്താനും എത്തിച്ചേരുന്ന മിഡ്നൈറ്റ് ലൈബ്രറിയുടെ പശ്ചാത്തലവും നോവലിന്റെ പ്രമേയവും സ്നിഗ്ദ വിശദമായി അവതരിപ്പിച്ചു.
ഗ്രീക്ക് എഴുത്തുകാരനായ ഹെക്ടർ ഗാർസിയയും സ്പാനിഷ് എഴുത്തുകാരനായ ഫ്രാൻസെസ്ക് മിറാലെസും ചേർന്നെഴുതിയ ഇക്കിഗായ് നോറ റോസ് ജോമോൻ അവതരിപ്പിച്ചു. ജപ്പാനിലെ, പ്രത്യേകിച്ച് ഒക്കിനാവയിലെ, ദീർഘായുസ്സുകാരുടെ ജീവിതരീതികളും ജീവിതത്തിന് അർഥവും ലക്ഷ്യവും നൽകുന്ന ‘ഇക്കിഗായ്’ എന്ന ആശയവുമാണ് പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കമെന്ന് നോറ വിശദീകരിച്ചു.
ഫർസാനയുടെ കിള എന്ന നോവലിന്റെ വായനാനുഭവം വിദ്യാ ഭാസ്കർ പങ്കുവെച്ചു. മതത്തിന്റെ പുറംതോടിനുള്ളിൽ സുഖമായി വാഴുന്ന ആണഹന്തയ്‌ക്കെതിരെ സേബ എന്ന നോവലിലെ നായിക നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് കിള അവതരിപ്പിക്കുന്നതെന്ന് വിദ്യാ ഭാസ്കർ പറഞ്ഞു. പൗരോഹിത്യം, മാനവികത, സ്വാതന്ത്ര്യം എന്നിവ തമ്മിലുള്ള സംഘർഷം നോവലിലുടനീളം പ്രകടമാണെന്നും അവർ വിലയിരുത്തി.
തുടർന്ന് നടന്ന ചർച്ചയ്ക്ക് കെ. പി. എം. സാദിഖ് തുടക്കം കുറിച്ചു. സീബ കൂവോട്, സീന തോമസ്, വിപിൻ കുമാർ, ഷംസുദ്ദീൻ മച്ചിഞ്ചേരി, ജോമോൻ സ്റ്റീഫൻ, സതീഷ് കുമാർ വളവിൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നാസർ കാരകുന്ന് മോഡറേറ്ററായി.

Content Highlights: Riyadh Chilla hosted its September monthly reading session discussing four diverse books., Rajesh Onakkunnu presented V. K. Anilkumar's novel Daivakkaru focusing on Theyyam and northern Malabar folklore., Snigdha Vipin reviewed Matt Haig's philosophical fantasy novel The Midnight Library., Nora Rose Jomon introduced the Japanese longevity concept through Ikigai., Vidya Bhaskar shared the reading experience of Farsana's novel Kila addressing patriarchy and religious structures.