പ്രവാചക പള്ളിയില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്നത് ഗുണനിലവാരമുള്ള സേവനങ്ങള്‍

മദീന: മക്ക, മദീന വിശുദ്ധ മസ്ജിദുകളുടെ പരിപാലനത്തിനായുള്ള ജനറല്‍ അതോറിറ്റി തീര്‍ഥാടകര്‍ക്കും പ്രവാചക മസ്ജിദിലേക്കുള്ള സന്ദര്‍ശകര്‍ക്കും ഒരുക്കിയിരിക്കുന്നത് മികച്ച സേവനങ്ങള്‍. തത്ഫലമായി വിശ്വാസികള്‍ക്ക് എളുപ്പത്തിലും സൗകര്യപ്രദമായും ആരാധന നടത്താന്‍ സാധിക്കുന്നു. ഹജ്ജ് കര്‍മ്മം കഴിഞ്ഞു ഹാജിമാര്‍ നാട്ടിലേക്ക് തിരിക്കുംമുമ്പ് കൂട്ടമായി മക്കയില്‍നിന്നും മദീനയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഹജ്ജിനു മുന്‍പ് മദീന സന്ദര്‍ശിക്കാത്തവരാണ് ഇപ്പോള്‍ ഇവിടം കൂടുതലായി സന്ദര്‍ശിക്കുന്നത്.
പ്രവാചക പള്ളിയില്‍ 85 എയര്‍ കണ്ടീഷനിങ് യൂണിറ്റുകളാണ് പ്രവൃത്തിക്കുന്നത്. 606 വെന്റിലേഷന്‍ ഫാനുകള്‍, 424 മിസ്റ്റ് ഫാനുകള്‍ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇവയെല്ലാം പള്ളി തണുപ്പിക്കുന്നതിനും ഉയര്‍ന്ന താപനിലയില്‍നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കുന്നതിനുമായി കൃത്യമായി പ്രവൃത്തിക്കുന്നു.
തീര്‍ഥാടകര്‍ക്ക് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ പ്രവേശിക്കാനും എത്തിച്ചേരാനും 99 കവാടങ്ങളാണ് പള്ളിയിലുള്ളത്. 180 എസ്‌കലേറ്ററുകളും 17 എലിവേറ്ററുകളും പ്രായമായവര്‍ക്കും വികലാംഗര്‍ക്കും സേവനം നല്കുവാനായുണ്ട്. മസ്ജിദിലും മുറ്റത്തും 18,000-ലധികം പ്രാര്‍ഥനാ പരവതാനികള്‍ വിരിച്ചിട്ടുണ്ട്. വൈകല്യമുള്ളവര്‍ക്കായി 26 പ്രത്യേക പ്രാര്‍ഥനാ സ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 15,000 സംസം വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പള്ളി അങ്കണത്തില്‍ 2,550 വിശ്രമമുറികളും 3,000 മാനുവല്‍ വീല്‍ചെയറുകളും ഉണ്ട്.
Content Highlights: Quality Services for Pilgrims at Prophet's Mosque