ആവേശത്തിലാറാടി ഒഐസിസി-ഇന്‍കാസ് പുതുപ്പള്ളി വിജയാഘോഷം

മലയാള സിനിമാ മേഖലയിലെ പ്രമുഖകോണ്‍ഗ്രസ് അംഗങ്ങള്‍ കൂടെ പങ്കെടുത്ത പുതുപ്പള്ളി വിജയാഘോഷം ഒ ഐ സി സി-ഇന്‍കാസ് അംഗങ്ങള്‍ക്ക് ഇരിട്ടി മധുരമായി. മുദ്രാവാക്യങ്ങളും കരഘോഷവും നിറഞ്ഞവേദിയില്‍ നടത്തിയ പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷം ശ്രദ്ധേയമായി. ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശ്രീജിത് എസ്. നായര്‍ സ്വാഗതം ആശംസിച്ചു.
കാലിക്കട്ട് നോട്ട് ബുക്കില്‍ ചേര്‍ന്ന യോഗം കേരളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും കെപിസിസി സാംസ്‌കാരിക സമിതി ചെയര്‍മാനുമായ ആന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടതുഭരണത്തില്‍ അഭിപ്രായസ്വാതന്ത്ര്യംപോലും നഷ്ടമാവുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് വിളിച്ചുപറയാന്‍ ആര്‍ജവമുള്ള സിനിമാപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. താനടക്കം ഈ ഇരിക്കുന്ന ഓരോരുത്തരും ഒരു കോണ്‍ഗ്രസുകാരനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന് ആശംസ അറിയിച്ചു.
തുടര്‍ന്ന് കേക്കുമുറിച്ചും മധുരം വിളമ്പിയും പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, പ്രൊഡ്യൂസര്‍മാരായ രജപുത്ര രഞ്ജിത്ത്, ലിസ്റ്റിന്‍ സ്റ്റീഫന്‍, രാകേഷ്, സമദ് ട്രൂത്ത് എന്നിവര്‍ ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് സംസാരിച്ചു. ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, യൂത്ത് വിങ്-വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ഒഐസിസി-ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍ നന്ദി പറഞ്ഞു.
Content Highlights: puthuppally bypoll news