ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദി രാജ്യത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സൈഫുദ്ധീൻ വാഴയിലിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ നിരവധി ഒ.ഐ.സി.സി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത് രക്തം ദാനം ചെയ്തു.
രക്തദാനം മഹത്തായ ജീവകാരുണ്യ പ്രവർത്തനമാണെന്നും, അടിയന്തര ഘട്ടങ്ങളിൽ രോഗികൾക്ക് ആവശ്യമായ രക്തം ലഭ്യമാക്കുന്നതിലൂടെ ജീവൻ രക്ഷിക്കാൻ ഓരോ രക്തദാതാവിനും നിർണായക പങ്ക് വഹിക്കാനാകുമെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡന്റ് സൈഫു വാഴയിൽ പറഞ്ഞു.
ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്ത എല്ലാ രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളും സഹകരണവും ഒരുക്കിയ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അധികൃതർക്കും ,ബ്ലഡ് ബാങ്ക് വിഭാഗത്തിലെ ജീവനക്കാരായ ഡോ: അഹമ്മദ് അബ്ദുള്ള അൽ മാലിക്കി, അഹമ്മദ് അൽ അബ്ദലി, ഉമർ അസീരി എന്നിവർക്ക് സംഘാടകർ പ്രത്യേക നന്ദി രേഖപ്പെടുത്തി. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Content Highlights: Organized by OICC Jeddah Malappuram District Committee, Held in collaboration with King Abdulaziz University Hospital, Part of the 96th Saudi National Day celebrations, Aimed at promoting social responsibility and solidarity with Saudi Arabia