ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി രണ്ട് അധികരീതികള്‍ അവതരിപ്പിച്ച് നുസുക് പ്ലാറ്റ്ഫോം

മദീന: തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി ഹജ്ജ്, ഉംറ മന്ത്രാലയം മേല്‍നോട്ടം വഹിക്കുന്ന 'നുസുക് പ്ലാറ്റ്ഫോം', തീര്‍ത്ഥാടകരുടെ കര്‍മങ്ങള്‍ സുഗമമാക്കുന്നതിനായി രണ്ട് അധിക രീതികള്‍ അവതരിപ്പിച്ചു. മദീന പ്രവാചക പള്ളിയിലെ അല്‍-റൗദ അല്‍-ഷരീഫില്‍ ബുക്കിംഗ് നടത്തുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമായാണ് രണ്ട് അധിക രീതികള്‍ അവതരിപ്പിച്ചിട്ടുള്ളത്.
പ്രവാചക പള്ളിക്ക് സമീപമുള്ളവര്‍ക്ക് റൗദ അല്‍-ഷരീഫ് സന്ദര്‍ശിക്കാന്‍ തത്ക്ഷണം, വര്‍ഷത്തില്‍ ഒന്നിലധികം തവണ അനുമതിലഭിക്കുന്ന ബുക്കിംഗ് സവിശേഷതയാണ് ആദ്യത്തെ ഓപ്ഷന്‍. റൗദ അല്‍-ഷരീഫ് സന്ദര്‍ശിക്കാന്‍ തിരക്കിയില്ലെങ്കില്‍ മാത്രമായിരിക്കും ഇങ്ങനെ ഒന്നില്‍ കൂടുതല്‍ തവണ ബുക്കിംഗ് ലഭിക്കുക. നിലവില്‍ റൗദ അല്‍-ഷരീഫ് സന്ദര്‍ശിക്കാന്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് അനുമതിയുള്ളത്. അതുകൊണ്ട് ദൂരെ നിന്നും മദീനയില്‍ എത്തുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് വര്‍ഷത്തില്‍ ഒരുതവണ മാത്രമാണ് റൗദ അല്‍-ഷരീഫ് സന്ദര്‍ശിക്കാന്‍ അനുമതി തേടാറുള്ളത്.
രണ്ടാമത്തെ രീതി വെയിറ്റ്ലിസ്റ്റ് ഓപ്ഷനാണ്. ബുക്കിംഗുകള്‍ ലഭ്യമല്ലെങ്കില്‍ സന്ദര്‍ശകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. റിസര്‍വേഷന്‍ സ്ഥിരീകരിച്ചതായി സന്ദേശം ലഭിക്കുകയും റൗദ അല്‍-ഷരീഫ് സന്ദര്‍ശിക്കാന്‍ സാധ്യമാകുമ്പോള്‍ മെസ്സേജ് വഴി അറിയിക്കുകയും ചെയ്യും. ഇതാണ് രണ്ടാമത്തെ രീതി.
ഉംറ നിര്‍വഹിക്കാനും റൗദ അല്‍-ഷരീഫ് സന്ദര്‍ശിക്കാനും തിരക്കൊഴിവാക്കുവാനുമുള്ള നിയന്ത്രണങ്ങള്‍ക്കാണ് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ അനുമതിക്കായി നുസുക് ആപ്ലിക്കേഷന്‍ സംവിധാനം നടപ്പിലാക്കിയത്. അനുമതിക്കായി അപേക്ഷിക്കുന്നവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി ആപ്ലിക്കേഷന്‍ തവക്കല്‍നയുമായി ബന്ധപ്പെടുത്തിയിട്ടുള്ളതാണ്. സ്വദേശത്തുനിന്നുള്ള ആരാധകര്‍ക്കെന്നപോലെ വിദേശത്ത് നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഉംറ-ഹജ്ജ് വിസ നേടുന്നതിന് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ലളിതമായി ബുക്ക് ചെയ്യുവാനുള്ള ഇലക്ട്രോണിക് നടപടിക്രമങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവയിലൂടെ സ്മാര്‍ട്ട് ഉപകരണങ്ങളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Content Highlights: Nusuk platform introduces two additional modes for Hajj and Umrah pilgrims