മുഹമ്മദ് റഫിയുടെ 46-ാം ചരമവാർഷികം: 'റഫി കി യാദേൻ' സംഗീതസായാഹ്നം ശ്രദ്ധേയമായി

ജിദ്ദ: ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ 46-ാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധകരുടെ ആഭിമുഖ്യത്തിൽ 'റഫി കി യാദേൻ' എന്ന പേരിൽ സംഗീതസായാഹ്നം സംഘടിപ്പിച്ചു. ജൂലായ് 31-ന് ജിദ്ദ ബാഗ്ദാദിയയിലെ ഹൈപ്പർ അൽവഫയിൽ നടന്ന പരിപാടി സംഗീതാസ്വാദകരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ജിദ്ദയിലെ പ്രമുഖ ഗായകൻ ജമാൽ പാഷ മുഖ്യഗായകനായി പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് റഫിയുടെ എക്കാലത്തെയും മികച്ച ഗാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹത്തോടൊപ്പം മാസിൻ ജമാൽ പാഷ, മുഹമ്മദ് റാഫി ആലുവ, മുബാറക് ഗുസൽ, മൻസൂർ നിലമ്പൂർ, ഷബീർ തങ്ങൾ, യുസുഫ് എന്നിവർ റഫിയുടെ അനശ്വര ഗാനങ്ങൾ ആലപിച്ച് സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങി.
പരിപാടിയുടെ ഏകോപനം മുഹമ്മദ് റാഫി ആലുവയും മാസിൻ ജമാൽ പാഷയും നിർവഹിച്ചു. അവതാരകരായ സബീന റാഫിയും അഫ്‌റാ സബിൻ റാഫിയും തങ്ങളുടെ മികവുറ്റ അവതരണത്തിലൂടെ പരിപാടിയെ കൂടുതൽ സജീവവും ആകർഷകവുമാക്കി. ഹസീന ജമാൽ പാഷ, നവാസ് ബീമാപ്പള്ളി എന്നിവർ അതിഥികളെ സ്വീകരിച്ചു.
മുഹമ്മദ് റഫിയുടെ സംഗീതത്തെ സ്‌നേഹിക്കുന്നവരും ജമാൽ പാഷയുടെ ആരാധകരുമടക്കം നിരവധി സംഗീതാസ്വാദകർ പരിപാടിയിൽ പങ്കെടുത്തു. ഓരോ ഗാനവും നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. റഫിയുടെ അനശ്വര സംഗീതസമ്പത്തിനോടുള്ള ആദരവും അദ്ദേഹത്തിന്റെ ഗാനങ്ങൾ തലമുറകൾക്കപ്പുറം ഇന്നും ഹൃദയങ്ങളിൽ ജീവിക്കുന്നുവെന്ന സന്ദേശവും പരിപാടി ശക്തമായി പങ്കുവച്ചു. പരിപാടിയുമായി സഹകരിച്ച അബ്ദുൽ ലത്തീഫ് എൻകംഫർട്ട്, സുബൈർ പാനായിക്കുളം, നാഫിസ് കാലിക്കറ്റ്, അഷ്റഫ് മേലേവീട്ടിൽ, നാസർ കാലിക്കറ്റ് തുടങ്ങിയവർക്ക് സംഘാടകർ നന്ദി അറിയിച്ചു.
സൗഹൃദത്തിന്റെയും സംഗീതാസ്വാദനത്തിന്റെയും മനോഹരമായ സംഗമമായി മാറിയ 'റഫി കി യാദേൻ', മുഹമ്മദ് റഫിയുടെ ഓർമ്മകൾക്ക് സംഗീതാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സമാപിച്ചത്.
Content Highlights: Commemoration of Mohammed Rafi's 46th death anniversary in Jeddah., Performance of iconic songs by Jamal Pasha and other local artists., Celebration of the legendary singer's lasting musical legacy., Successful coordination by community organizers in Jeddah.