മന്ത്രി അഡ്വ.ടി.സിദ്ധീഖിന് സ്വീകരണവും ഉമ്മൻ ചാണ്ടി വിദ്യാഭ്യാസ അവാർഡ് വിതരണവും

മക്ക: ഉംറ നിർവ്വഹിക്കുന്നതിനായി ഹ്രസ്വ സന്ദർശനാർത്ഥം മക്കയിൽ എത്തിയ കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധീഖിന് മക്ക ഓ.ഐ.സി.സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മക്കാ ഓ.ഐ.സി.സി ഏർപ്പെടുത്തിയ, വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ 2026 വർഷത്തെ വിദ്യാർത്ഥികൾക്കുള്ള "ഉമ്മൻചാണ്ടി എക്സലൻസ്" അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു.
മക്ക അസീസിയയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. സൗദി അറേബ്യയിലെ ആരോഗ്യ സേവന മേഖലയിലെ പ്രശസ്തനും, സാമൂഹ്യപ്രവർത്തകനും സീനിയർ കോൺഗ്രസ് നേതാവുമായിട്ടുള്ള സെയ്ദ് തങ്ങൾ പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചു. ഹബീബ് ബാലുശ്ശേരിയുടെ നേതൃത്വത്തിൽ മക്കാ ഓ.ഐ.സി.സിയുടെ മറ്റ് ഭാരവാഹികളും ചേർന്ന് അഡ്വ. ടി. സിദ്ധീഖിന് മൊമെന്റോ നൽകി ആദരിച്ചു. 2026 വർഷത്തിലെ ജിദ്ദ ഇന്ത്യൻ സ്കൂളിൽ പഠിച്ച് പത്താം ക്ലാസിലും, പ്ലസ്ടുവിലും മക്കയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി തുടർ പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മികവിനുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിൽ വർഷം തോറും മക്ക ഓ.ഐ.സി.സി നൽകി വരുന്ന അവാർഡ് വഴി ഉമ്മൻ ചാണ്ടി സമൂഹത്തിന് നൽകിയ സ്നേഹവും കരുണയും കരുതലും പുതുതലമുറയിലേക്ക് പകർന്നു നൽകുവാനും അദ്ദേഹത്തിന്റെ ജീവിത സന്ദേശം വരും തലമുറയ്ക്ക് മാർഗ്ഗ ദർശനം നൽകുന്നതിന് പ്രചോദനമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മക്കയിലെ പ്രവാസി സമൂഹത്തിനിടയിൽ കാര്യക്ഷമമായ മികച്ച ഇടപെടലുകൾ നടത്തി വരുന്ന മക്കാ ഓ. ഐ. സി. സിയുടെ സന്നദ്ധ, സേവന പ്രവർത്തനങ്ങൾ ഏറെ മികച്ചതും അഭിനന്ദനാർഹവുമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.എം.സി.സി നാഷണൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മക്ക നഴ്സസ് ഫോറം പ്രതിനിധി മുസ്തഫാ മലയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒ. ഐ. സി. സി നേതാക്കളായ ഹാരിസ് മണ്ണാർക്കാട്, ഷാജി ചുനക്കര, മുഹമ്മദ് ഷാ പോരുവഴി, അബ്ദുൽ മനാഫ് വയ്യാനം, നൗഷാദ് തൊടുപുഴ, ഫൈസൽ അഹമ്മദ് മദീന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളായ മുഹമ്മദ് മിറാഷ്, ഇയാസുദ്ദീൻ, അംറീൻ നൗഷാദ്, വർദ്ദ, കെൻസ ഫാത്തിമ, റിഷ്‌ന, അനീർ നിസാം എന്നിവർ മന്ത്രി അഡ്വ.ടി.സിദ്ദീഖിൽ നിന്നും മൊമെന്റോ ഏറ്റുവാങ്ങി.
മക്ക ഓ. ഐ. സി. സി നേതാക്കളായ മുബഷിർ അരീക്കോട്, നൗഷാദ് എടക്കര, ഷംസുദ്ദീൻ വടക്കഞ്ചേരി, അബു അയ്‌മനംകുടി, ഫൈസൽ മാറമ്പിള്ളി, സിറാജ്, അബ്ദുൽ റഷീദ്, ബദരിയ നൗഷാദ്, ജുമൈല ഹുസൈൻ, സീനത്ത് ഹബീബ്, ഷംല ഷംനാസ്, ഷീബാ സെയ്ദ് തുടങ്ങിയവർ നേതൃത്വം നൽകി. ഷംനാസ് മീരാൻ മൈലൂർ നന്ദിയും പറഞ്ഞു.
Content Highlights: Kerala Agriculture Minister Adv. T. Siddique visited Makkah on a short trip., Makkah OICC honored the minister with a warm reception., Distributed the 2026 Oommen Chandy Excellence Awards to top-performing students in Makkah., Praised the social and welfare activities of the Makkah expatriate community.