പ്രവാചക പള്ളിയിൽ ഇഅ്തികാഫ് രജിസ്ട്രേഷൻ ക്ഷണിച്ചു

മദീന: വിശുദ്ധ റംസാൻ മാസത്തിൽ മദീനയിലെ പ്രവാചകപള്ളിയിൽ ഇഅ്തികാഫ് രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മക്ക, മദീന വിശുദ്ധ പള്ളി കാര്യാലയങ്ങളുടെ അതോറിറ്റിയാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പുരുഷന്മാരും സ്ത്രീകളും പ്രത്യേകമായി അപേക്ഷിക്കണം.
പദ്ധതി പ്രകാരം, റംസാൻ 20-ന് ഇഅ്തികാഫ് ആരംഭിച്ച് റംസാൻ അവസാനം വരെ തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. റംസാനിൽ ആരാധനകൾക്ക് കൂടുതൽ പുണ്യം ലഭിക്കുന്ന സമയങ്ങളിലാണ് ഇഅ്തികാഫ്നായി തിരഞ്ഞെടുക്കാറുള്ളത്.
eservices.alharamain.gov.sa/login എന്ന ലിങ്ക് വഴിയോ നഫാത്ത് പ്ലാറ്റ്ഫോം വഴിയോ സൗദികൾക്കും വിദേശികൾക്കുമുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാം. അപേക്ഷകർ പ്രവാചക പള്ളിയിലെ ഇഅ്തികാഫ് സ്ഥലം തിരഞ്ഞെടുക്കുകയും നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുകയും ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഇഅ്തികാഫ് ഇരിക്കാനുള്ള സ്ഥലത്തിന്റെ ലഭ്യമായ ശേഷി അനുസരിച്ച് അപേക്ഷകൾ അവലോകനം ചെയ്യുമെന്നും തിരഞ്ഞെടുക്കുന്നവരെ വിശദാംശങ്ങൾ അടങ്ങിയ ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കുമെന്നും അതോറിറ്റി അറിയിച്ചു. റംസാനിൽ മദീനയിലെ പ്രവാചക പള്ളിയിൽ സന്ദർശകർക്ക് നൽകുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷത്തിൽ വിശ്വാസികൾക്ക് അവരുടെ കർമ്മങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന രീതിയിൽ ഇഅ്തികാഫ് സേവനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത അതോറിറ്റി സ്ഥിരീകരിച്ചു.
Content Highlights: Itikaf 2026 Registration Opens at Masjid al-Haram and Nabawi