സൗദിയിൽ ഉംറ തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; മലപ്പുറം സ്വദേശികളായ മാതാവും മകളും മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഉംറ തീർഥാടകരായ മലപ്പുറം സ്വദേശികളായ മാതാവും മകളും മരിച്ചു. മലപ്പുറം കുറ്റിപ്പുറം റാങ്ങാട്ടൂർ നടുവട്ടം സ്വദേശി തെക്കേ പീടിയേക്കൽ അബ്ദുൾ ലത്തീഫിന്റെ ഭാര്യ രഹ്ന (52), മകൾ ഡോ. നഹ്‌ല നർമിൻ (29) എന്നിവരാണ് മരിച്ചത്. ഖത്തറിൽനിന്ന് റോഡ് മാർഗം ഉംറ നിർവഹിക്കാനായി മക്കയിലെത്തിയ കുടുംബം, കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ത്വാഇഫിൽനിന്ന് റിയാദിലേക്കുള്ള എക്സ്പ്രസ് ഹൈവേയിൽ, ത്വാഇഫിൽനിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാറിന്റെ മുൻവശത്തെ ഗ്ലാസ്സിൽ പതിക്കുകയും, കാഴ്ച മറഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ പലതവണ മറിയുകയുമായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന അബ്ദുൾ ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മരിച്ചവരുടെ മൃതദേഹങ്ങൾ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തർ പെട്രോകെമിക്കൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. മൃതദേഹങ്ങൾ സൗദിയിൽത്തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlights: Two Malayali pilgrims from Malappuram died in a car accident near Taif., The accident occurred when a plastic sheet obstructed the driver's vision on the highway., The family was returning from Umrah via Qatar., Injured family members are currently receiving medical treatment., The deceased will be buried in Saudi Arabia.