മക്കയിൽ പുതിയ മൂന്നാം റിങ് റോഡ് വിപുലീകരണം പൂർത്തിയായി; ഹറമിലേക്കുള്ള യാത്രാസമയം 90% വരെ കുറയും

മക്ക: സൗദി അറേബ്യയിലെ മക്കയിൽ മൂന്നാം റിങ് റോഡിന്റെ വിപുലീകരിച്ച ഭാഗം തുറന്നുകൊടുത്തു. ഇതോടെ മക്കയിലെ മസ്ജിദുൽ ഹറമിലേക്കും മിനായിലെ ജമറാത്ത് കേന്ദ്രത്തിലേക്കുമുള്ള യാത്രാസമയം 90 ശതമാനം വരെ കുറയുമെന്ന് മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് റോയൽ കമ്മീഷൻ അറിയിച്ചു.
വിശുദ്ധ നഗരത്തെ ചുറ്റിപ്പറ്റിയുള്ള നാല് പ്രധാന റിങ് റോഡുകളിൽ ഒന്നായ മൂന്നാം റിങ് റോഡ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് വികസിപ്പിച്ചത്. ഗതാഗതക്കുരുക്ക് കുറയ്ക്കുക, പ്രധാന തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതി പൂർത്തിയായതോടെ തിരക്കേറിയ സമയങ്ങളിലും ഹജ്ജ്, ഉംറ സീസണുകളിലും ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത ഗണ്യമായി വർധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രിൻസ് മിതേബ് ജങ്ഷനിൽനിന്ന് മസ്ജിദുൽ ഹറമിലേക്കുള്ള ദൂരം 16.5 കിലോമീറ്ററിൽനിന്ന് 6.5 കിലോമീറ്ററായി കുറഞ്ഞു. ഹജ്ജ് തീർഥാടകർ കല്ലേറ് കർമം നിർവഹിക്കുന്ന മിനായിലെ ജമറാത്ത് കേന്ദ്രത്തിലേക്കുള്ള ദൂരം 12 കിലോമീറ്ററിൽനിന്ന് നാല് കിലോമീറ്ററായും ചുരുങ്ങി.
റോഡിന്റെ ഇരുദിശകളിലുമായി പ്രതിദിനം 1,70,000 വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള ശേഷിയുണ്ടെന്നും അധികൃതർ അറിയിച്ചു. മക്കയിലെ റോഡ് ശൃംഖല ആധുനികവത്കരിക്കുക, സമീപ റോഡുകളിലെ ഗതാഗത സമ്മർദം കുറയ്ക്കുക, വർഷം മുഴുവൻ വിശുദ്ധ നഗരത്തിലെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ ഗതാഗത വികസന പദ്ധതികളുടെ ഭാഗമാണ് പുതിയ റോഡ്.
ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്ര കൂടുതൽ വേഗത്തിലാക്കുന്നതിനും മക്കയിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും പുതിയ റോഡ് വിപുലീകരണം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.