ഹജ്ജ് 2027 ഭക്ഷണ വിതരണ കരാർ: അപേക്ഷ ക്ഷണിച്ച് മക്ക നഗരസഭ

മക്ക: 1448 ഹിജ്‌റ വർഷത്തിലെ ഹജ്ജ് സീസണായ 2027ലെ ഹജ്ജിനായി ഭക്ഷണ വിതരണ കരാറുകാരെ യോഗ്യതാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് മക്ക നഗരസഭ. റബീഉൽ ആഖിർ ഒന്ന്, (സെപ്റ്റംബർ 12 ശനിയാഴ്ച) മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്.
ഹജ്ജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ തയ്യാറെടുപ്പ് നേരത്തേ പൂർത്തിയാക്കുന്നതിന്റെയും ഫീൽഡ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഉയർന്ന നിലവാരത്തിലുള്ള ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഭക്ഷണ വിതരണ സേവനങ്ങൾ നൽകാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ ഇലക്ട്രോണിക് കോൺട്രാക്ടർ യോഗ്യതാ പ്ലാറ്റ്‌ഫോം വഴി അപേക്ഷ സമർപ്പിക്കണം. അംഗീകൃത യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് സ്ഥാപനങ്ങളുടെ വിവരങ്ങൾ പൂർത്തിയാക്കുകയും പുതുക്കുകയും വേണം. അപേക്ഷ അംഗീകരിക്കുന്നതിനായി നിർദേശിച്ച സാങ്കേതിക, ഭരണപരമായ ചട്ടങ്ങളും പാലിക്കണം.
ഹജ്ജ് സീസണിൽ സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണ സേവനങ്ങൾ ഉറപ്പാക്കുന്നതിനാണ് യോഗ്യതാ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക മാനദണ്ഡങ്ങളും നിരീക്ഷണ സംവിധാനങ്ങളും നടപ്പാക്കുന്നതിലൂടെ ഭക്ഷണ വിതരണ സംവിധാനത്തിന്റെ സുരക്ഷയും കാര്യക്ഷമതയും കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് മക്ക നഗരസഭയുടെ വിലയിരുത്തൽ.
Content Highlights: Makkah Municipality started accepting catering applications for the 2027 Hajj season., Applications opened on Rabi al-Akhir 1 (September 12, Saturday)., Aim is to ensure high standards of food safety and service efficiency for pilgrims., Interested establishments must apply through the electronic contractor qualification platform.