'റൗദ ശരീഫ്' സന്ദര്‍ശകരുടെ എണ്ണം വര്‍ഷാവസാനത്തോടെ 15 ദശലക്ഷത്തിലെത്തും

മദീന: ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മദീനയിലെ 'റൗദ ഷരീഫി'ലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം 15 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ഹജ്ജ്- ഉംറ മന്ത്രി തൗഫീഖ് അല്‍ റാബിയ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരുക്കിയ നുസുക്ക് ആപ്പിന്റെ വിജയമാണ് ഇത് പ്രതിഫലിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആരാധനാലയം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മുന്‍കൂട്ടി ബുക്കിംഗ് നടത്തുന്ന ആപ്പിനെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു മന്ത്രി.
നുസുക് ആപ്പ് സേവനങ്ങള്‍ വിജയകരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. പ്രത്യേകിച്ചും റൗദ ഷരീഫ് സന്ദര്‍ശിക്കാനുള്ള പെര്‍മിറ്റുകള്‍ നല്‍കുന്നന് കാര്യത്തിലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. റൗദ ഷരീഫ് സന്ദര്‍ശനം സുഗമമാക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ദൈനംദിന സമയക്രമം ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഒരു ആരാധകനു 365 ദിവസത്തിനിടയില്‍ ഒരുതവണ മാത്രമാണ് സന്ദര്‍ശനത്തിനുള്ള അനുമതി ഉള്ളത്. ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മക്കയിലെ ഹറമില്‍ ഉംറ കര്‍മത്തിനുശേഷം സാധാരണയായി മദീനയിലെ പ്രവാചക പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ നിരവധി തീര്‍ഥാടകര്‍ എത്താറുണ്ട്.
ഒക്ടോബറില്‍ പുറത്തുവിട്ട കണക്കുപ്രകാരം 10 ദശലക്ഷത്തിലധികം മുസ്ലീങ്ങള്‍ ഈവര്‍ഷം മദീനയിലെ റൗദ ഷരീഫ് സന്ദര്‍ശിച്ചു. ഈമാസം അവസാനിക്കുമ്പോഴേക്കും റൗദ ഷരീഫ് സന്ദര്‍ശിച്ചവരുടെ എണ്ണം 15 ദശലക്ഷത്തിലെത്തുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവാണ് സന്ദര്‍ശകരുടെ കാര്യത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദര്‍ശകരില്‍ 5.8 ദശലക്ഷം പുരുഷന്മാരും 4.7 ദശലക്ഷം സ്ത്രീകളും ഉള്‍പ്പെടുന്നു. എല്ലാ തീര്‍ഥാടകര്‍ക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി റൗദയിലേക്കുള്ള പ്രവേശനത്തിനുള്ള കാത്തിരിപ്പ് സമയം ഒരു മണിക്കൂറാക്കി വെട്ടിക്കുറച്ചിട്ടുണ്ട്.
Content Highlights: Saudi Arabia Expects 15M Visitors to Al Rawdah Al Sharifah in 2024