റംസാനിൽ മദീനയിലെ റൗദ ഷെരീഫയിലെ സന്ദർശന സമയം പ്രഖ്യാപിച്ചു

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മദീന: മക്ക ഹറം പള്ളിയുടെയും മദീനയിലെ പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി മദീന പ്രവാചക പള്ളിയിലെ അൽ- റൗദ അൽ- ഷെരീഫയിലേക്കുള്ള റംസാനിലെ സന്ദർശന സമയക്രമം പ്രഖ്യാപിച്ചു.

പ്രവാചകൻ മുഹമ്മദ് നബിയുടെ വീടിനും മിംബറിനും (പ്രഭാഷകപീഠം) ഇടയിലുള്ള പുണ്യസ്ഥലമാണ് അൽ- റൗദ അൽ- ഷെരീഫ്. റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ പുരുഷന്മാർക്ക് രാവിലെ 11:20 മുതൽ രാത്രി എട്ടുവരെയും പുലർച്ചെ രണ്ടുമുതൽ അഞ്ചുവരെയും സന്ദർശിക്കാം. ഈ കാലയളവിൽ സ്ത്രീകളുടെ സന്ദർശന സമയം രാത്രി 11 മുതൽ പുലർച്ചെ 1:40 വരെയും പുലർച്ചെ ആറുമുതൽ 11 വരെയും ആയിരിക്കും.

വിശുദ്ധ റംസാനിലെ അവസാനത്തെ 10 ദിവസങ്ങളിൽ ഷെഡ്യൂൾ ക്രമീകരിക്കും. പുരുഷന്മാർക്ക് മൂന്ന് സന്ദർശന സമയങ്ങളാകും ഉണ്ടാവുക. രാവിലെ 11:20 മുതൽ രാത്രി എട്ടുവരെയും, രാത്രി 11 മുതൽ 12 വരെയും, പുലർച്ചെ രണ്ടു മുതൽ അഞ്ചു വരെയുംമാണ് പുരുഷന്മാരുടെ സന്ദർശന സമയം. സ്ത്രീകൾക്ക് രാവിലെ ആറു മുതൽ 11 വരെ ഒരു സമയം മാത്രമാണ് അനുവദിക്കുക.

പ്രവാചക പള്ളിയിൽ ഏകദേശം 330 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ചെറുതാണെങ്കിലും പുണ്യമാക്കപ്പെട്ട റൗദ ഷെരീഫ് ആഴത്തിലുള്ള ആത്മീയ പ്രാധാന്യമുള്ളതാണ്. 'സ്വർഗത്തിലെ ഉദ്യാനങ്ങളിൽ നിന്നുള്ള ഉദ്യാനം' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കൂടാതെ എല്ലാ വർഷവും ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ അവിടെ പ്രാർഥിക്കാൻ ആഗ്രഹിക്കുന്നു. വിശ്വാസികൾക്ക് സുഗമവും സംഘടിതവും ശാന്തവുമായ അനുഭവം ഉറപ്പാക്കാൻ നുസുക് ആപ്പ് വഴി സന്ദർശനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു.

Content Highlights: Ramadan: Medina's Rawdah Shareef Visiting Hours Announced