66 രാജ്യങ്ങളില്‍ നിന്നുള്ള 1000 ഉംറ തീര്‍ഥാടകര്‍ക്ക് സല്‍മാന്‍ രാജാവ് ആതിഥേയത്വം വഹിക്കും

റിയാദ്: ലോകത്തെ 66 രാജ്യങ്ങളില്‍ നിന്നുള്ള ആയിരം ഉംറ തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ മക്ക മദീന വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി. ഹജ്ജ്, ഉംറ, സന്ദര്‍ശനം എന്നിവയ്ക്കായുള്ള രണ്ട് വിശുദ്ധ പള്ളികളുടെ അതിഥി പരിപാടിയുടെ ഭാഗമായി ഈ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണത്തെ ഹിജ്‌റ വര്‍ഷം നാല് ഗ്രൂപ്പുകളായാണ് ആതിഥേയത്വം വഹിക്കുക. അതിഥികളെ സ്വീകരിക്കുന്ന പദ്ധതികള്‍ക്ക് ഇസ്ലാമിക കാര്യ, കോള്‍, ഗൈഡന്‍സ് മന്ത്രാലയം മേല്‍നോട്ടം വഹിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുസ്ലിംകളെ പുണ്യനഗരത്തിലെത്തിച്ചു ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കാനുള്ള സല്‍മാന്‍ രാജാവിന്റെ ഉദാരമായ നടപടിയെ ഇസ്ലാമിക കാര്യ മന്ത്രിയും പരിപാടിയുടെ ജനറല്‍ സൂപ്പര്‍വൈസറുമായ ഷെയ്ഖ് അബ്ദുല്ലത്തീഫ് അല്‍-ഷൈഖ് സല്‍മാന്‍ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും നന്ദി പറഞ്ഞു. അതിഥികളുടെ എല്ലാ ചെലവുകളും രാജാവാണ് വഹിക്കുക.
ഇസ്ലാമിനെയും മുസ്ലീംകളെയും സേവിക്കുവാനുള്ള സൗദി ഭരണാധികാരികളുടെ തീരുമാനത്തിന്റെ ഭാഗമായാണ് പുണ്യ കര്‍മങ്ങള്‍ നിര്‍വഹിക്കുവാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ രാജാവിന്റെ അതിഥികളായി ഉംറ കര്‍മത്തിന് കൊണ്ടുവരുന്നത്. അതോടൊപ്പം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്ലിംകള്‍ക്കിടയില്‍ സാഹോദര്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇസ്ലാമിക ഉന്നതരുമായി ഫലപ്രദമായ ആശയവിനിമയം വികസിപ്പിക്കുന്നതിനു വേണ്ടിയും ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു. പണ്ഡിതന്മാര്‍, ഷെയ്ഖുകള്‍, ലോകത്തെ സ്വാധീനിച്ച വ്യക്തികള്‍ എന്നിവരാണ് പദ്ധതിയുടെ കീഴില്‍ ആതിഥേയത്വം വഹിക്കുന്നത്.
പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ ഇതിന്റെ പ്രയോജനം നേടിയ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ എണ്ണം 140-ലധികമാണ്. അതിഥികള്‍ അവരുടെ രാജ്യത്തുനിന്നും പുറപ്പെട്ടതുമുതല്‍ ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കി സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെ ഒരു സംയോജിത സംവിധാനത്തിന് അനുസൃതമായി മികച്ച സേവനങ്ങള്‍ നല്‍കിയി വരുന്നുണ്ട്.
ഉംറ കര്‍മ്മവും മദീന സിയാറത്തും കൂടാതെ മക്കയിലെയും മദീനയിലെയും ചരിത്രപ്രധാനമായ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരങ്ങള്‍ അതിഥികള്‍ക്ക് ഒരുക്കും. മക്ക മദീന പള്ളികളിലെ പണ്ഡിതന്മാരുമായും ഇമാമുമാരുമായും കൂടിക്കാഴ്ച നടത്താനും സൗകര്യമൊരുക്കും. രാജ കല്പന അനുസരിച്ചു അതിഥികള്‍ക്ക് പരമാവധി സേവനവും സൗകര്യങ്ങളും ഒരുക്കുമെന്നും അല്‍-ഷൈഖ് പറഞ്ഞു.
Content Highlights: King Salman to host 1,000 Umrah pilgrims from 66 countries