സൂംബാ ഡാൻസ്: അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയം- ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി

റിയാദ്: ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹം ജീവിക്കുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് വിദ്യാർഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിൽ ആക്കാൻ സാധ്യതയുള്ള ഒരു സാംസ്കാരിക അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സ്കൂൾ അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി. കെ. അഷ്റഫിനെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്യണമെന്ന സർക്കാർ നിർദ്ദേശം തികച്ചും അപലപനീയമാണെന്ന് ഇന്ത്യൻ ഇസ്‌ലാഹീ സെന്ററുകളുടെ സൗദി ദേശീയ സമിതി സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചർച്ചകൾക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാർഥി സമൂഹത്തിനുമേൽ സർക്കാർ പൊടുന്നനെ അടിച്ചേൽപ്പിച്ച സൂംബാ ഡാൻസ് വിഷയത്തിൽ പ്രതികരിച്ചതിന്നാണ് നടപടി.
സമൂഹത്തെ മുച്ചൂടം ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ സമൂഹത്തിൽ പൊതുവിലും വിദ്യാർഥികൾക്കിടയിൽ പ്രത്യേകിച്ചും ശക്തവും ക്രിയാത്മകവുമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള ടി കെ അഷ്റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തിൽ നിന്നും ഉയർന്നുവന്ന വിയോജിപ്പുകളെയും ദുർവ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും വിയോജിക്കുന്നവരെ അപരവൽക്കരിക്കുവാനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. മർമ്മ പ്രധാനമായ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് വാർത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചർച്ചകൾ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ആശ്ചര്യകരമാണ്.
ധാർമികതയും മാനവിക മൂല്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാൻ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പoനങ്ങൾ നടത്താതെ പ്രയോഗവൽക്കരിക്കാൻ ശ്രമിക്കുന്ന ഇത്തരം സാംസ്കാരിക അധിനിവേശങ്ങൾക്കെതിരെ സമൂഹം ഉണരണമെന്നും, എതിർ ശബ്ദങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ദേശീയ സമിതി ജനറൽ സിക്രട്ടറി ഉമർ ശരീഫ് ആമുഖ ഭാഷണം നടത്തി. പ്രസിഡൻ്റ് പി.കെ.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സിക്രട്ടേറിയേറ്റ് അംഗങ്ങളായ ബി.വി.സകരിയ്യ, ഫൈസൽ വാഴക്കാട്, അർശദ് ബിൻ ഹംസ, ആസിം, ഉസാമ ബിൻ ഫൈസൽ സംസാരിച്ചു.
Content Highlights: Indian Islahi Centre condemns Kerala govt`s suspension of a teacher for protesting against Zumba