'വിദേശ ടൂറിസ്റ്റ് കമ്പനികള്‍ വിസിറ്റ് വിസക്കാരെ നിയമവിരുദ്ധമായി ഹജ്ജ് ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു'

ജിദ്ദ: നിരവധി സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള ചില ടൂറിസ്റ്റ് കമ്പനികള്‍ വിസിറ്റ് വിസ ഉടമകളെ ഹജ്ജിന് അനുമതി ഇല്ലാത്ത വിസകള്‍ നല്‍കി കബളിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് കേണല്‍ തലാല്‍ അല്‍-ഷല്‍ഹൂബ് പറഞ്ഞു. ഹജ്ജിനു രണ്ട് മാസം മുമ്പേ വിസ ഉപഭോക്താക്കളെ മക്കയില്‍ താമസിപ്പിച്ചു ഹജ്ജ് നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കാന്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഹജ്ജിന് അനുമതി ഇല്ലാത്ത വിസിറ്റ് വിസകളും മറ്റ് വിസകളും നല്‍കി ചിലര്‍ ദുരുപയോഗം ചെയ്തതായി അല്‍ അറേബ്യ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ കേണല്‍ അല്‍ ഷല്‍ഹൂബ് പറഞ്ഞു. 'അനുമതികളില്ലാതെ ഹജ്ജ് ചെയ്യുന്നതിനെതിരെ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണ ക്യാമ്പയ്നുകള്‍ നടത്തുകയും, നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ ശിക്ഷ മന്ത്രാലയം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഹജ്ജ് പെര്‍മിറ്റ് കേവലം ഒരു ട്രാന്‍സിറ്റ് കാര്‍ഡ് മാത്രമല്ല, മറിച്ചു തീര്‍ഥാടകര്‍ക്ക് പ്രവേശനം സുഗമമാക്കുകയും ആവശ്യമായ പരിചരണവും സേവനങ്ങളും, താമസം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഒരുക്കുന്നതിനും തിരിച്ചറിയുന്നതിനും ഉള്ള പ്രധാന സംവിധാനമാണ്. ഹജ്ജ് പെര്‍മിറ്റില്ലാതെ അനധികൃതമായി ഹാജിമാര്‍ എത്തുന്നതു സേവനങ്ങള്‍ നല്‍കുന്നതിലും, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലും വെല്ലുവിളി ഉയര്‍ത്തും. മറ്റു നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും'.
ഈവര്‍ഷത്തെ ഹജ്ജ് സീസണിലെ സുരക്ഷാ പദ്ധതി വിജയമായിരുന്നുവെന്നാണ് കേണല്‍ അല്‍- ഷല്‍ഹൂബ് പറഞ്ഞത്. സൗദി ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങളും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫിന്റെ നിരന്തര മേല്‍നോട്ടത്തിലുമാണ് ഹജ്ജ് പദ്ധതികള്‍ വളരെ നേരത്തെ തന്നെ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സുരക്ഷാ- സൈനിക- സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനത്തിന്റെ വിജയമാണ് സുരക്ഷാ നടപടികളുടെ വിജയം. ഈ ശ്രമങ്ങള്‍ തീര്‍ഥാടകര്‍ക്ക് ആചാരാനുഷ്ട്ടാനങ്ങള്‍ സുരക്ഷിതമായും സമാധാനപരമായും സുഖകരമായും നിര്‍വഹിക്കാന്‍ സഹായകമായി.
ഹജ്ജ് സീസണിലെ മൊത്തം മരണങ്ങളില്‍ 83 ശതമാനവും (1,301 ല്‍ 1,079 പേരും) ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്തവരാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാജ ഹജ്ജ് ക്യമ്പയ്നുകള്‍ പ്രോത്സാഹിപ്പിക്കുന്നവരെ പിടികൂടി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിനെക്കുറിച്ച് പബ്ലിക് സെക്യൂരിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ തുടര്‍ച്ചയായ ബോധവത്കരണം നടത്തിയിട്ടുണ്ടെന്നും കേണല്‍ അല്‍- ഷല്‍ഹൂബ് ചൂണ്ടിക്കാട്ടി. വ്യാജ ഹജ്ജ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്കെതിരെ ചില സൗഹൃദ രാജ്യങ്ങള്‍ സ്വീകരിച്ച കര്‍ശന നടപടികളെയും ഭാവിയിലെ ലംഘനങ്ങള്‍ തടയുന്നതിന് അവര്‍ നടപ്പാക്കിയ തിരുത്തല്‍ നടപടികളെയും തലാല്‍ അല്‍- ഷല്‍ഹൂബ് അഭിനന്ദിച്ചു.
Content Highlights: Interior Ministry: Some foreign tourist companies encouraged visit visa holders to perform Hajj