മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ആദ്യ ഹജ്ജ് സംഘം മക്കയില്‍ എത്തി

#ജാഫറലി പാലക്കോട്
.
.

മക്ക: ഇന്ത്യയില്‍ നിന്നും കേന്ദ്ര ഹജ്ജുകമ്മിറ്റി വഴി ഈ വര്‍ഷം ആദ്യം മദീന പുണ്യഭൂമിയില്‍ എത്തിയ ഹാജിമാര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തി. മക്കയില്‍ എത്തിയ ഹാജിമാര്‍ക്ക് മക്ക കെഎംസിസി സ്വീകരണം നല്‍കി.

എട്ട് ദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മക്കയില്‍ എത്തിയിട്ടുള്ളത്. ഹൈദരാബാദില്‍ നിന്നും ലക്‌നൗവില്‍ നിന്നുമുള്ള 550 ഹാജിമാരാണ് മക്കയില്‍ എത്തിയത്. മക്കയിലെ അസിസിയയില്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള 05, 21, 262, 289 എന്നീ നമ്പറിലുള്ള കെട്ടിടങ്ങളിലാണ് ഇവര്‍ക്കായി താമസം ഒരുക്കിയിട്ടുള്ളത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് സംഘം മദീനയില്‍ നിന്നും അസീസിയയില്‍ എത്തിയത്.

ഹാജിമാരെ പഴങ്ങളടങ്ങിയ കിറ്റ് നല്‍കി ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക് എന്ന മന്ത്ര ധ്വനികളോട് കൂടിയാണ് മക്ക കെഎംസിസി വരവേറ്റത്. സൗദി നാഷണല്‍ കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, നാഷണല്‍ ഹജ്ജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, ഹജ്ജ് സെല്‍ ചെയര്‍മാന്‍ സുലൈമാന്‍ മാളിയേക്കല്‍, ട്രഷറര്‍ മുസ്തഫ മുഞ്ഞക്കുളം, മുസ്തഫ മലയില്‍, എം.സി.നാസര്‍, നാസര്‍ കിന്‍സാറ, ഇസ്സുദ്ധീന്‍ ആലുക്കല്‍, സിദ്ധീഖ് കൂട്ടിലങ്ങാടി, ഷമീര്‍ ബദര്‍, നാസര്‍ ഉണ്ണിയാല്‍, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഉസ്മാന്‍ നാലകത്ത് എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Content Highlights: Indian Hajj Pilgrims Arrive in Mecca