റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ വീണ് നഴ്‌സറിക്കും മെഡിക്കൽ സെന്ററിനും കേടുപാട്

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് മുകളിലൂടെ ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സേന തടഞ്ഞ് തകർത്തതിന് പിന്നാലെ വീണ അവശിഷ്ടങ്ങൾ കിൻഡർഗാർട്ടനും മെഡിക്കൽ സെന്റർ സമുച്ചയത്തിനും കേടുപാടുകൾ വരുത്തി. സൗദി സിവിൽ ഡിഫൻസ് ആണ് ഇക്കാര്യം അറിയിച്ചത്.

മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് കെട്ടിടങ്ങൾക്ക് ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായും അടിയന്തര രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു. യെമനിൽനിന്ന് ഹൂതികളാണ് മിസൈൽ വിക്ഷേപിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് പതിവ് സുരക്ഷാ നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ആളപായമുണ്ടായോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. റിയാദിനെ ലക്ഷ്യമിട്ട് വ്യാഴാഴ്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഖമീസ് മുഷൈത്തിലേക്ക് മറ്റൊരു മിസൈലും ഹൂതികൾ വിക്ഷേപിച്ചതായി യെമനിലെ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേന അറിയിച്ചിരുന്നു.

ബുധനാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുമെതിരെയുണ്ടായ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. 36 പേർക്ക് പരിക്കേറ്റു.

Content Highlights: Houthi missile debris damages Riyadh kindergarten and medical center complex