ജാഫറലി പാലക്കോട്

മക്ക: മക്കയെ ലക്ഷ്യമിട്ട് ഹൂതി മിലീഷ്യ നടത്തിയ ആക്രമണശ്രമത്തെ മക്കയിലെ മസ്ജിദുൽ ഹറമിലെയും മദീനയിലെ മസ്ജിദുന്നബവിയിലെയും ഇമാമുമാർ ശക്തമായി അപലപിച്ചു. വിശുദ്ധ മക്കയെയും ഇരുഹറമുകളെയും ലക്ഷ്യമിടുന്നത് ‘ഗുരുതര കുറ്റകൃത്യവും’ മതപരവും മാനുഷികവുമായ മൂല്യങ്ങളോടുള്ള അവഹേളനവുമാണെന്ന് ഇമാമുമാർ പറഞ്ഞു.

വിശുദ്ധ കേന്ദ്രങ്ങളുടെയും നിരപരാധികളുടെ ജീവന്റെയും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇടയില്ലെന്നും ഇതൊരു ‘ചുവപ്പ് രേഖ’യാണെന്നും മസ്ജിദുൽ ഹറമിലെ ഇമാമും ഖതീബുമായ ശൈഖ് ബന്ദർ ബലീല വെള്ളിയാഴ്ച ജുമുഅ ഖുതുബയിൽ വ്യക്തമാക്കി. മുസ്‌ലിംകളെ ഭയപ്പെടുത്താനും അവരുടെ ഏറ്റവും പവിത്രമായ സ്ഥലങ്ങളെ ഭീഷണിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത ലംഘിക്കുന്നതും നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തെയും അവന്റെ പ്രവാചകന്റെ പള്ളിയെയും ലക്ഷ്യമിടാൻ ധൈര്യപ്പെടുന്നവർക്ക് ഇസ്‌ലാമിന്റെ അധ്യാപനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും ശൈഖ് ബലീല കൂട്ടിച്ചേർത്തു. മതപരമായ മുദ്രാവാക്യങ്ങളെ നാശകരമായ പ്രവർത്തനങ്ങൾക്ക് മറയാക്കുകയാണ് ഹൂതികൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം ആക്രമണങ്ങൾ ഇരുഹറമുകളുടെ ഭൂമിയെ കൂടുതൽ ശക്തിപ്പെടുത്തുകയും രാജ്യത്തെ നേതൃത്വവും ജനങ്ങളും തമ്മിലുള്ള ഐക്യം കൂടുതൽ ദൃഢമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളുടെ ഖിബ്‌ലയായ(ദിശ) സൗദി അറേബ്യ, വിദ്വേഷികളുടെയും ഗൂഢാലോചനക്കാരുടെയും പദ്ധതികൾക്ക് മുന്നിൽ പതറാതെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാം ശൈഖ് അബ്ദുൽമുഹ്സിൻ അൽ ഖാസിമും ഹൂതികളുടെ ആക്രമണശ്രമത്തിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി. മക്കയെയും മദീനയെയും ഭീഷണിപ്പെടുത്തുന്ന ഹൂതി ആക്രമണങ്ങൾ മുസ്‌ലിംകളുടെ രക്തം ചൊരിയുന്നതിന് അനുമതി നൽകുകയും സുരക്ഷിതമായി ജീവിക്കുന്ന ജനങ്ങളിൽ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭീകരവാദത്തിന്റെ രീതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വൈകുന്നേരം മക്കയുടെ തെക്ക് ഭാഗത്തുനിന്ന് വിശുദ്ധ നഗരത്തിന്റെ നിരോധിത വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് സൗദി വ്യോമ പ്രതിരോധ സേന ഹൂതി ഡ്രോൺ തടഞ്ഞ് തകർത്തതിന് പിന്നാലെയാണ് ഇരു പള്ളികളിലെയും ഇമാമുമാരുടെ പ്രസംഗം.

യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ കണക്കനുസരിച്ച് സെപ്റ്റംബർ 15ന് വൈകുന്നേരം 6.50നാണ് ഡ്രോൺ തടഞ്ഞ് നശിപ്പിച്ചത്. മക്കയെ ലക്ഷ്യമിട്ട ഹൂതികളുടെ രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും സഖ്യസേന അറിയിച്ചു. 2017 ജൂലൈയിൽ ഹൂതികൾ മക്ക ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് പിന്നാലെയാണ് പുതിയ ആക്രമണശ്രമം.

Content Highlights: Imams of Makkah and Madinah strongly condemned the Houthi drone attack attempt., The attack was termed a serious crime and a red line regarding the safety of holy sites., Saudi air defense successfully intercepted and destroyed the drone south of Makkah., This marks the second Houthi attempt targeting Makkah following the 2017 ballistic missile incident.