സൂര്യാഘാതം കാരണം നൂറുകണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്

റിയാദ്: ജോര്‍ദാന്‍, ടുണീഷ്യ, ഇറാന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ തീര്‍ഥാടനത്തിനിടെ നിരവധി ഹജ്ജ് തീര്‍ഥാടകര്‍ സൂര്യാഘാതമേറ്റ് മരിച്ചതായാണ് റിപ്പോര്‍ട്ട്.
ഏതാനും തീര്‍ത്ഥാടകരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. കാണാതായ തീര്‍ഥാടകരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ മരണസംഖ്യ ഉയര്‍ന്നതായി ആശങ്കയുണ്ട്. തീര്‍ഥാടകര്‍ക്ക് ചൂടുമൂലം ക്ഷീണം അനുഭവപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ഈ വര്‍ഷം വിദേശത്തുനിന്നുള്ള പതിനഞ്ച് ലക്ഷത്തിലധികം തീര്‍ത്ഥാടകരും സൗദിയില്‍നിന്നുള്ള ആഭ്യന്തര തീര്‍ത്ഥാടകരുമടക്കം മൊത്തം പതിനെട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഹജ്ജ് നിര്‍വ്വഹിച്ചത്. ഇന്ത്യയില്‍നിന്ന് 1,75,000 പേരും തീര്‍ത്ഥാടനത്തിന് എത്തിയിരുന്നു. 14-ാം തീയതി വെള്ളിയാഴ്ചയോടെ ആരംഭിച്ച ഹജ്ജ് കര്‍മ്മങ്ങള്‍ 19-ാം തീയതി ബുധനാഴ്ചയോടെയായിരുന്നു അവസാനിച്ചത്. മതനിയമം അനുവദനീയമായതുകൊണ്ട് നിരവധി ഹാജിമാര്‍ ചൊവ്വാഴ്ചതന്നെ ഹജ്ജില്‍നിന്ന് വിരമിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹാജിമാര്‍ മക്കയില്‍ വിടവാങ്ങല്‍ പ്രദക്ഷിണത്തിലാണ്.
സൗദി ആറേബ്യ ഔദ്യോഗികമായി മരണസംഖ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പല രാജ്യങ്ങളും ഹജ്ജില്‍ മരണപ്പെട്ട തങ്ങളുടെ പൗരന്മാരുടെ എണ്ണം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം 144 തീര്‍ഥാടകര്‍ ഹജ്ജിനിടെ മരിച്ചതായി മരണകാരണം വ്യക്തമാക്കാതെ ഇന്തോനേഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജോര്‍ദാന്‍ പൗരന്മാര്‍ ഹജ്ജിനിടെ മരിച്ചതായും 41 പേര്‍ക്ക് ശവസംസ്‌കാര സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മക്കയില്‍ അവരെ ഖബറടക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 22 പേരെ കാണാതായതായും ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തങ്ങളുടെ 11 പൗരന്മാര്‍ മരിച്ചുവെന്നാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ നൃൂസ് നെറ്റ്വര്‍ക്ക് പറയുന്നത്. എന്നാല്‍, മരണങ്ങളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതൃുഷ്ണമാണോ മരണകാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദി അറേബ്യയിലെ ഉയര്‍ന്ന താപനില കാരണം കുറഞ്ഞത് 35 തീര്‍ത്ഥാടകരെങ്കിലും മരിച്ചതായി ടുണീഷ്യ റിപ്പോര്‍ട്ട് ചെയ്തു.
ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ കാണാതായ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. സൗദി അധികൃതരുമായി ഏകോപിപ്പിച്ച് തീവ്രശ്രമങ്ങള്‍ നടത്തുകയാണെന്ന് ഈജിപ്ത് പറഞ്ഞു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാന്‍ കഴിയാത്ത പൗരന്മാര്‍ക്കായി ജിദ്ദയിലെ കോണ്‍സുലേറ്റ് അടിയന്തിര ഹോട്ട്ലൈന്‍ സ്ഥാപിച്ചതായും ഈജിപ്ത് അറിയിച്ചു.
ഹജ്ജിന്റെ കല്ലേറ് കര്‍മ്മത്തിന്റെ ദിവസങ്ങളില്‍ മിനയില്‍ താപനില 51.8 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നതായും അപകടകരമാംവിധം താപനില ഉയര്‍ന്നതിനാല്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലുമണിവരെ നേരിട്ട് സൂര്യതാപം കൊള്ളുന്നത് ഒഴിവാക്കണമെന്നും സൗദി ആരോഗ്യ അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഞായറാഴ്ച മാത്രം 2,700 പേര്‍ക്ക് സൂര്യാഘാതമുണ്ടായതായി അധികൃതര്‍ പറഞ്ഞു. വിശുദ്ധ സ്ഥലങ്ങളില്‍ നിലവിലുള്ള ഉയര്‍ന്ന താപനില കാരണം, ജാഗ്രത പാലിക്കണമെന്ന് തീര്‍ത്ഥാടകരോട് സൗദി ആരോഗ്യ മന്ത്രാലയം ഔദേൃാഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി വഴി മാര്‍ഗനിര്‍ദേശം നേരത്തെ പുറപ്പെടുവിച്ചിരുന്നു.
തീര്‍ഥാടകര്‍ അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ കര്‍ശനമായി നിര്‍ദ്ദേശിക്കുന്നുവെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടകള്‍ ഉപയോഗിക്കുക, ദാഹം തോന്നയില്ലെങ്കിലും പതിവായി വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കിയത്.
Content Highlights: Hundreds of Hajj pilgrims reportedly died due to sunstroke