സൗഹൃദവും സന്തോഷവും പങ്കിട്ട് 'ഈവ്'; ജിദ്ദയിൽ വർണാഭമായി ശിശുദിനാഘോഷം

ജിദ്ദ: വനിതാ കൂട്ടായ്മയായ 'ഈവ' ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ജിദ്ദയിലെ സജാ പാർക്കിൽ നടന്ന ആഘോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സന്തോഷവും നവ്യാനുഭവവും പകർന്നു.

മൊബൈൽ ഫോണുകളുടെ അമിത ഉപയോഗത്തിൽനിന്ന് കുട്ടികളെ അകറ്റിനിർത്തി, പരസ്പരം സൗഹൃദം പങ്കുവെക്കാനും ഒരുമിച്ച് കളിച്ചുല്ലസിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഒത്തുചേർന്ന കുരുന്നുകൾ കഥകൾ പങ്കുവെച്ചും പുതിയ സൗഹൃദങ്ങൾ സ്ഥാപിച്ചും ആഘോഷവേള അവിസ്മരണീയമാക്കി.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുട്ടികളും അമ്മമാരും ചേർന്ന് കേക്ക് മുറിക്കുകയും മധുരം പങ്കുവെക്കുകയും ചെയ്തു.

കുട്ടികളുടെ ഗാനാലാപനം, പ്രസംഗങ്ങൾ, വിവിധ കലാപരിപാടികൾ, രസകരമായ വിനോദമത്സരങ്ങൾ എന്നിവ ആഘോഷത്തിന് നിറപ്പകിട്ടേകി. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കുരുന്നുകളുടെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനങ്ങളും നിഷ്‌കളങ്കമായ ചിരികളും രക്ഷിതാക്കളിലും ബാല്യകാല സ്മരണകൾ ഉണർത്തി.

ഈവ് ഫാമിലി ചീഫ് കോഓർഡിനേറ്റർ സോഫിയ സുനിൽ അധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷെമിന റഷീദ്, ജിനി ജോർജ്, നിമ, ഷൈമ റാണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.