ജക്കാര്‍ത്തയിലേക്ക് പോകുകയായിരുന്ന സൗദിയ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചുവിട്ടു

#ജാഫറലി പാലക്കോട്.
.
.

ജിദ്ദ: ജിദ്ദയില്‍ നിന്നും ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പോവുകയായിരുന്ന സൗദിയ വിമാനത്തിനു ബോംബ് ഭീഷണി ഉണ്ടായ വാര്‍ത്ത സൗദി എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ജക്കാര്‍ത്തയിലിറങ്ങാതെ വിമാനം മെദാനിലെ ക്വാലാലംബൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സൗദിയ എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ല.

ജിദ്ദയില്‍ നിന്നും ജക്കാര്‍ത്തയിലേക്ക് ഹാജിമാരുമായി പോകുകയായിരുന്ന സൗദിയയുടെ SV5276വിമാനത്തില്‍ സ്‌ഫോടകവസ്തു ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഇമെയില്‍ സന്ദേശം ലഭിച്ചതെന്ന് സൗദിയ വിമാനത്തിന്റെ വക്താവ് പറഞ്ഞു. വിമാനം സുരക്ഷിതമാണെന്നും ബോംബ് ഭീഷണി വ്യാജമാണെന്നും അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് സൗദിയയുടെ മുന്‍ഗണന എന്നും യാത്രക്കാരെ യാത്ര തുടരാന്‍ സഹായിക്കുന്നതിന് എയര്‍ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: Bomb Threat on Saudia Flight SV5276 Diverted to Kuala Lumpur