സൗദി അടക്കമുള്ള ജിസിസി പൗരന്മാർക്കും പ്രവാസികൾക്കും അർമേനിയ വിസ ഇല്ലാതെ സന്ദർശിക്കാം

അർമേനിയ | ഫോട്ടോ: അറേഞ്ച്ഡ്
അർമേനിയ | ഫോട്ടോ: അറേഞ്ച്ഡ്

ജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാർക്കും പ്രവാസികൾക്കും  അർമേനിയയിൽ വിസരഹിത പ്രവേശനം അനുവദിച്ചു തുടങ്ങി. 2025 ജൂലൈ ഒന്ന് മുതൽ പ്രവേശനം അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. 90 ദിവസം വരെയുള്ള ഹ്രസ്വകാല താമസത്തിനാണ് വിസ രഹിത പ്രവേശനം അർമേനിയ അനുവദിച്ചിട്ടുള്ളത്.

സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്ന സ്ഥലമെന്ന നിലയിൽ അർമേനിയ വലിയ ആകർഷകമായിരിക്കും. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള എല്ലാ പാസ്‌പോർട്ട് ഉടമകൾക്കും ടൂറിസം, വിനോദം അല്ലെങ്കിൽ ബിസിനസ്സ് ആവശ്യങ്ങൾക്കായി 90 ദിവസം വരെ താമസിക്കുന്നതിന് വിസയുടെ ആവശ്യമില്ലാതെ അർമേനിയയിലേക്ക് യാത്ര ചെയ്യാം.

ജിസിസി അംഗരാജ്യങ്ങളിൽ നിന്നുള്ള സാധുവായ റെസിഡൻസി പെർമിറ്റുകൾ കൈവശമുള്ള പ്രവാസികൾക്ക് ഈ ഇളവ് പ്രയോജനപ്പെടുത്തുവാനാകും. താമസ പെർമിറ്റുകൾ അർമേനിയയിൽ പ്രവേശിച്ച തീയതി മുതൽ കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം. ഗൾഫ് മേഖലയിൽ താമസിക്കുന്ന പ്രവാസികളുടെ വലിയൊരു വിഭാഗത്തിനു അർമേനിയ സന്ദർശിക്കുവാനുള്ള സുവർണ്ണാവസരമായിരിക്കും ഇത്.

വൈവിധ്യമാർന്ന സംസ്കാരങ്ങൾ, സമ്പന്നമായ ചരിത്ര പൈതൃകം, അതുല്യമായ പ്രകൃതി സൗന്ദര്യം എന്നിവ ഗൾഫിൽ നിന്നുള്ള വിനോദസഞ്ചാരികളെയും ബിസിനസ്സ് സന്ദർശകരെയും ആകർഷിക്കുന്നതിനുള്ള അർമേനിയയുടെ ശ്രമം സമീപ രാജ്യമായ അർമേനിയ ജിസിസി പൗരന്മാരെയും താമസക്കാരെയും ഏറെ ആകർഷിക്കപ്പെടുമെന്നാണ് അർമേനിയൻ അധികൃതർ പ്രതീക്ഷിക്കുന്നത്.

Content Highlights: Armenia Opens Visa-Free Entry for GCC Citizens and Residents: A New Travel Opportunity