എല്ലാതരം വിസകളിലുള്ളവര്‍ക്കും ഉംറ നിര്‍വഹിക്കാം- സൗദി ഹജ്ജ് മന്ത്രാലയം

ജിദ്ദ: ഏതുതരം വിസയിലുള്ളവരും സൗദി അറേബ്യയില്‍ ആയിരിക്കുമ്പോള്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യക്തിഗത, കുടുംബ സന്ദര്‍ശന വിസകള്‍, ഇ-ടൂറിസ്റ്റ് വിസകള്‍, ട്രാന്‍സിറ്റ് വിസകള്‍, തൊഴില്‍ വിസകള്‍ തുടങ്ങി ഏത് തരത്തിലുള്ള വിസയിലുള്ളവര്‍ക്കും ഉംറ ചെയ്യുവാനുള്ള അവസരം ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് ഉംറ കര്‍മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കുന്നതിന് സൗകര്യമൊരുക്കുന്നതിനുള്ള സൗദി അറേബ്യയുടെ സമീപനത്തിന്റെ ഭാഗമാണിതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, തീര്‍ഥാടകര്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ഹജ്ജ്, ഉംറ സംവിധാനം നല്‍കുന്ന സേവനങ്ങളുടെ ഗുണഭോക്താക്കളുടെ വൃത്തം വികസിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.
ഉംറ നേരിട്ട് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അടുത്തിടെ നുസുക് ഉംറ പ്ലാറ്റ്ഫോം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. തീര്‍ഥാടകര്‍ക്ക് പ്ലാറ്റ്ഫോമിലൂടെ എളുപ്പത്തില്‍ ഉചിതമായ പാക്കേജ് തിരഞ്ഞെടുക്കാനും ഉംറ പെര്‍മിറ്റ് ഇലക്ട്രോണിക് രീതിയില്‍ നല്‍കാനും ഈ പ്ലാറ്റ്ഫോം അനുവദിക്കുന്നുണ്ട്. ഈ ഡിജിറ്റല്‍ സംവിധാനം ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ബുക്ക് ചെയ്യാനും അപ്പോയിന്റ്‌മെന്റുകള്‍ തിരഞ്ഞെടുക്കാനും ഏറെ ഉപകാരപ്രദമാണ്.
മക്ക മദീന പള്ളികളുടെ സംരക്ഷകനായ സല്‍മാന്‍ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിശ്വാസികള്‍ക്ക് രണ്ട് വിശുദ്ധ പള്ളികള്‍ സന്ദര്‍ശിക്കാനും സുരക്ഷിതമായ ആത്മീയ അന്തരീക്ഷത്തില്‍ കര്‍മങ്ങള്‍ നിര്‍വഹിക്കാനും ദൈവത്തിന്റെ അതിഥികളുടെ അനുഭവം സമ്പന്നമാക്കുന്നതിനും അവരുടെ വിശ്വാസ യാത്ര സുഗമമാക്കുന്നതിനും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുമുള്ള പ്രതിബദ്ധതയാണിത് എന്നും സൗദി പ്രസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു.
Content Highlights: Saudi Hajj Ministry confirms that individuals on any type of visa can perform Umrah in Saudi Arabia.