സൗദിയിൽ സെപ്റ്റംബർ 23-ന് ദേശീയദിന അവധി

ജിദ്ദ: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 23 ബുധനാഴ്ച സ്വകാര്യ മേഖലയിലെയും ലാഭേച്ഛയില്ലാത്ത മേഖലയിലെയും ജീവനക്കാർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അവധി സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2026 സെപ്റ്റംബർ 23 ആയ ഹിജ്‌റ വർഷം 1448 റബീഉൽ ആഖിർ 12-നാണ് സൗദിയിൽ ദേശീയദിന അവധി.
തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ ആർട്ടിക്കിൾ 24 അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആർട്ടിക്കിളിലെ രണ്ടാം ഖണ്ഡികയിൽ നിർദേശിച്ചിട്ടുള്ള വ്യവസ്ഥകൾ അനുസരിച്ച് എല്ലാ തൊഴിലുടമകളും അവധി നടപ്പാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
സ്വകാര്യ കമ്പനികളിലും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ദേശീയദിനത്തിന്റെ ശമ്പളത്തോടെയുള്ള അവധി ലഭിക്കുമെന്ന് ഇതോടെ സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ നേതൃത്വത്തിൽ 1932-ൽ സൗദി അറേബ്യ ഏകീകരിച്ചതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും സെപ്റ്റംബർ 23 ദേശീയദിനമായി ആചരിക്കുന്നത്.

Content Highlights: Saudi Arabia marks its 96th National Day on September 23, 2026., Official paid holiday announced for private and non-profit sector employees., Declared by the Saudi Ministry of Human Resources and Social Development under Article 24., Commemorates the unification of Saudi Arabia by King Abdulaziz Al Saud in 1932.