പ്രവാസികൾ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല്: വർഗീസ് മാമ്മൻ എം.എൽ.എ

ദോഹ: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലാണെന്നും അവരുടെ ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു.
ദോഹയിൽ സെപ്രോടെക്കും അംവാജും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിലും പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിൽ വർഷങ്ങളോളം സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം, പുനരധിവാസ പദ്ധതികൾ, പ്രവാസി വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇവയിൽ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എം.എൽ.എ വ്യക്തമാക്കി. പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്രോടെക്, അംവാജ് ഗ്രൂപ്പ് എം.ഡി ജോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അംവാജ് വാട്ടർ ഫാക്ടറി സി.എഫ്.ഒ ജോർജ് കോശി അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എയെ പൊന്നാടയണിയിച്ച് ആദരിച്ചു. സെപ്രോടെക് അസിസ്റ്റന്റ് ജനറൽ മാനേജർ അനൂജ് എം. ജോസ് ഗ്രൂപ്പിന്റെ ഉപഹാരം സമർപ്പിച്ചു.
ഗ്രൂപ്പ് ഫെസിലിറ്റി മാനേജർ ജോൺസൺ രാജു, പർച്ചേസ് മാനേജർ കിരൺ സേവ്യർ, മാർക്കറ്റിംഗ് മാനേജർ ജേക്കബ് രാജു, ബിസിനസ് ഡെവലപ്മെന്റ് മാനേജർ സുജിത് ഗോപിനാഥ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സീനിയർ പ്രോജക്ട് സൂപ്പർവൈസർ ബിനു ടി. ഡാനിയൽ സ്വാഗതം പറഞ്ഞു. ജെറ്റ്സി അബ്രഹാം പരിപാടിയുടെ അവതാരകയായി.
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഒ.കെ. പരുമല, ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ ജെബി കെ. ജോൺ, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ ചടങ്ങിൽ അതിഥികളായി പങ്കെടുത്തു.
Content Highlights: Expatriates are acknowledged as the economic backbone of Kerala by Adv. Varghese Mammen MLA., Government assured all possible steps to address genuine issues faced by the diaspora., Focus emphasized on rehabilitation of returning expats and welfare of expat students., Event held in Doha jointly organized by Seprotech and Amwaj.