പർപ്പിൾ സാറ്റർഡേയ്ക്ക് പിന്തുണയുമായി ഖത്തറിലെ ദി വേ കോർപ്പറേറ്റ് സർവീസസ്

ദോഹ: ഭിന്നശേഷിക്കാരുടെ സാമൂഹിക ഉൾച്ചേരലും തുല്യപ്രവേശനവും പ്രോത്സാഹിപ്പിക്കുന്ന പർപ്പിൾ സാറ്റർഡേ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഖത്തറിലെ ദി വേ കോർപ്പറേറ്റ് സർവീസസ്. ഭിന്നശേഷിക്കാർക്ക് കമ്പനിയുടെ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന പദ്ധതിയും ഇതോടനുബന്ധിച്ച് പ്രഖ്യാപിച്ചു.

കേരള ബിസിനസ് ഫോറം പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയാണ് ഈ സംരംഭമെന്നും എല്ലാവരെയും ചേർത്തുനിർത്തുന്നതിന് ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംരംഭകനും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനും ദോഹ ഗോവൻ വെൽഫെയർ അസോസിയേഷൻ നേതാവുമായ സൈമൺ ഡി സിൽവ പദ്ധതിയെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സേവനങ്ങൾ അവരിലേക്ക് എത്തിക്കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഖത്തർ ടെക് മാനേജിങ് ഡയറക്ടറുമായ ജെബി കെ. ജോൺ, പദ്ധതിയിൽ പ്രകടമാകുന്ന മാനുഷിക പരിഗണനയും കരുതലും എടുത്തുപറഞ്ഞു. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും അന്തസ്സും അവകാശങ്ങളും പരിഗണിക്കുമ്പോഴാണ് സാമൂഹിക പുരോഗതി അർഥപൂർണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലോക കേരളസഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ദി വേ കോർപ്പറേറ്റ് സർവീസസിന്റെ മാതൃക മറ്റ് സ്ഥാപനങ്ങളും പിന്തുടരണമെന്ന് ആവശ്യപ്പെട്ടു. മീഡിയപ്ലസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പർപ്പിൾ സാറ്റർഡേയെ ലോകത്തിന് ജിസിസി നൽകുന്ന ശ്രദ്ധേയമായ സാമൂഹിക സന്ദേശമാണെന്ന് വിശേഷിപ്പിച്ചു. സഹതാപത്തിനപ്പുറം ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പ്രാപ്യത, തുല്യാവകാശം, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നതാണ് സംരംഭത്തിന്റെ കാതലായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിലെ അവസാന ശനിയാഴ്ച ആചരിക്കുന്ന പർപ്പിൾ സാറ്റർഡേയുടെ സന്ദേശം ഒരു ദിവസത്തിൽ ഒതുങ്ങാതെ വർഷം മുഴുവൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഹമ്മദ് റഫീഖ് പദ്ധതിയെ അഭിനന്ദിച്ചു. ദി വേ കോർപ്പറേറ്റ് സർവീസസ് സി.ഇ.ഒ. ഉവൈസ് ഉസ്മാൻ സ്വാഗതവും കമ്പനി മാനേജിങ് പാർട്ണർ ജദീർ നന്ദിയും പറഞ്ഞു.

Content Highlights: The Way Corporate Services launches doorstep support for people with disabilities., Project promotes social inclusion and equal access as part of Purple Saturday., Endorsed by prominent community leaders including Kerala Business Forum members., Advocates for year-round accessibility beyond the annual Purple Saturday observance.