സതേൺ കണക്ട് - സൗത്ത് കേരള കാർണിവൽ വെള്ളിയാഴ്ച.

തെക്കൻ കേരളത്തിന്റെ സൗഹൃദവും സംസ്‌കാരവും ഒരുമയും ആഘോഷമാക്കി പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന 'സതേൺ കണക്ട്-സൗത്ത് കേരള കാർണിവൽ' ഒക്ടോബർ 23, വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ വകറ ബർവ്വ വില്ലേജ് ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ നടക്കും. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നുള്ള ഖത്തർ പ്രവാസികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്ന ഈ സൗഹൃദ സംഗമം, പരസ്പരം അടുത്തറിയാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കാനുമുള്ള മികച്ച അവസരമായി മാറും.

കാർണിവലിനോടനുബന്ധിച്ച് കലാപരിപാടികൾ, നോർക്ക ഹെൽപ് ഡെസ്‌ക്, ഐ.സി.ബി.എഫ് ഇൻഷുറൻസ് കൗണ്ടർ, സൗജന്യ ആരോഗ്യ പരിശോധന, കൗൺസിലിംഗ് സർവീസ്, ഭക്ഷ്യ, കരകൗശല സ്റ്റാളുകൾ, ഹെന്ന ഡിസൈനിംഗ് തുടങ്ങിയവയുണ്ടാകും. പൊതു സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് മുഖ്യാതിഥിയാവും. വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കേരളത്തിന്റെ തെക്കൻ ജില്ലകളിൽ നിന്നുള്ളവരെ എക്‌സലൻസ് അവാർഡ് നൽകി ആദരിക്കും.

കാർണ്ണിവലിന്റെ വിജയകരമായ സംഘാടനത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഡോ. താജ് ആലുവ (മുഖ്യ രക്ഷാധികാരി) തോമസ് സക്കറിയ, ശശിധര പണിക്കർ, സുന്ദരൻ, അബ്ദുൾ സലാം, ഷിയാസ് കൊട്ടാരം (രക്ഷാധികാരികൾ) ആർ ചന്ദ്രമോഹൻ (ചെയർമാൻ) റഷീദ് അഹമ്മദ്, അസീം എം.ടി, സഞ്ചയ് ചെറിയാൻ (വൈസ് ചെയർമാന്മാർ) താസീൻ അമീൻ (ജനറൽ കൺവീനർ), ഭവ്യ എസ്.എസ് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വകുപ്പ് കൺവീനർമാരായി ഷറഫുദ്ദീൻ എം.എസ് (പ്രതിനിധി), നജീം (മീഡിയ & പബ്ലിസിറ്റി), സഹീർ (പ്രോഗ്രാം), മുബാറക് (ഫെസിലിറ്റി), നജീം കരുനാഗപ്പള്ളി (വെന്യൂ), നസറുദ്ദീൻ (പവലിയൻ) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.

സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് പ്രവാസ ജീവിതത്തിന് പുതുവർണങ്ങൾ പകരുന്നതും, തെക്കൻ കേരളത്തിന്റെ ഹൃദയസ്പന്ദനങ്ങൾ ഒരുമയുടെ താളത്തിൽ അനുരണനം തീർക്കുന്നതുമാവും കാർണിവലെന്നും ആഘോഷ സംഗമത്തിലേക്ക് സകുടുംബം എത്തിച്ചേരണമെന്നും ജനറൽ കൺവീനർ താസീൻ അമീൻ അറിയിച്ചു.

Content Highlights: southern-connect-south-kerala-carnival-qatar-october-23