നോർക്ക കെയർ: വിദഗ്ധ സമിതി റിപ്പോർട്ട് വരുന്നതുവരെ പുതിയ അംഗത്വ നടപടികൾ താൽക്കാലികമായി നിർത്തിവെക്കണം – പ്രവാസി വെൽഫെയർ

ദോഹ: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധിപ്പിച്ചതിനെതിരെ പ്രവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ, വിദഗ്ധ സമിതി റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുന്ന നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിഷയത്തിൽ സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലാണ് ഈ ആവശ്യം.
നിലവിൽ നവംബർ 30 വരെയാണ് പദ്ധതിയിൽ അംഗങ്ങളാകാൻ സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. പ്രീമിയം വർധനയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി സർക്കാർ തന്നെ പഠനത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ, സമയപരിധിയുടെ പേരിൽ പ്രവാസികളെ പദ്ധതിയിൽ ചേരാൻ പ്രേരിപ്പിക്കുന്നത് ഉചിതമല്ലെന്ന് പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതി റിപ്പോർട്ട് പുറത്തുവന്ന് പദ്ധതിയുടെ ഭാവി രൂപരേഖയിൽ വ്യക്തത വരുന്നതുവരെ എൻറോൾമെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവെക്കുക, ഇതിനകം പുതുതായി അംഗത്വമെടുത്ത പ്രവാസികളുടെ കാര്യത്തിലും ആശങ്കകൾ പരിഹരിക്കുന്ന തരത്തിൽ യുക്തമായ തീരുമാനമെടുക്കുക, പ്രവാസികളുടെ സാമ്പത്തിക താൽപ്പര്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും സംരക്ഷിക്കുന്ന വിധത്തിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം മാത്രം അംഗത്വം പുനരാരംഭിക്കുക എന്നിങ്ങനെ പ്രവാസികളുടെ ആശങ്കകൾ ഗൗരവമായി കണ്ട്, പ്രവാസി സമൂഹത്തിന് ഗുണകരവും സുതാര്യവുമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.