ഖത്തറിലെ പേലേറ്ററില്‍ ലുലു എഐ നിക്ഷേപം; ഫിന്‍ടെക് മേഖലയില്‍ പുതിയ ഉണര്‍വ്

.
.

കൊച്ചി: ഖത്തറില്‍ ആദ്യമായി BNPL (Buy Now, Pay Later) ലൈസന്‍സ് ലഭിച്ച ഫിന്‍ടെക് സ്ഥാപനമായ പേലേറ്റര്‍ ഖത്തറില്‍, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ നിക്ഷേപവിഭാഗമായ ലുലു എഐ നിക്ഷേപം നടത്തി. ടെക്‌നോളജി-ഇന്നവേഷന്‍ തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് നല്‍കി സഹായിക്കുകയാണ് ലുലു ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് (AI) കൊണ്ട് ലക്ഷ്യമാക്കുന്നത്. 

ഖത്തറിലെ സാമ്പത്തിക മേഖലയിലേയ്ക്ക് ലുലു എഐ നടത്തുന്ന ആദ്യ നിക്ഷേപമാണ് ഇത്. പത്ത് രാജ്യങ്ങളിലായി 15 വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ അനുഭവ പാരമ്പര്യം ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കി അവയെ ഉയര്‍ത്തിക്കൊണ്ട് വരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും ജീവിതം എളുപ്പമാക്കാന്‍ ശ്രമിക്കുന്ന ദൗത്യത്തിലേയ്ക്ക് പേലേറ്ററിനൊപ്പം ചുവടുവയ്ക്കുന്നതാണ് ഈ നിക്ഷേപം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ബിഎന്‍പിഎല്‍ ലൈസന്‍സ് ലഭിച്ച ആദ്യ കമ്പനിയുമാണ് പേ ലേറ്റര്‍ എന്നതും ശ്രദ്ധേയമാണ്.

''ലുലു എഐ വെറും നിക്ഷേപ പോര്‍ട്ട്‌ഫോളിയോ മാത്രമല്ല  സാമ്പത്തിക സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുകയാണെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ ഓരോ നിക്ഷേപവും അര്‍ത്ഥവത്തായ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള ഒരു ശ്രമമാണ്. പേലേറ്റര്‍ ഈ ദൗത്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലുലു എഐയുമായുള്ള പുതിയ പങ്കാളിത്തം പേലേറ്ററിന്റെ വ്യവസായ നാഴികക്കല്ലാണെന്ന് പേലേറ്ററിന്റെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് അല്‍-ദെലൈമി പറഞ്ഞു.
ലുലു എഐയുടെ പ്രാദേശിക തലത്തിലെ അനുഭവവും, പേലേറ്റര്‍ ഉപഭോക്താക്കളെയും വ്യാപാരികളെയും ശാക്തീകരിക്കുന്ന ഒരു ഫിന്‍ടെക് ഹബ് എന്ന നിലയിലുള്ള അനുഭവ പാരമ്പര്യവും, ഖത്തറില്‍ ഇതിന്റെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Lulu AI Invests in Paylater