മുടങ്ങിയ പ്രവാസി പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം -ഫ്രണ്ട്സ് ഓഫ് തിരുവല്ല

ദോഹ : മൂന്ന് മാസമായി മുടങ്ങി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് പ്രവാസി കാര്യ വകുപ്പ് കൈകാര്യ ചെയ്യുന്ന മുഖ്യമന്ത്രിയോട് ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളിൽ വർഷങ്ങളോളം കുറഞ്ഞ വരുമാനത്തിൽ പണിയെടുത്തവർ കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ നിധിയിൽ അംഗങ്ങളായി മാസംതോറും കൃത്യമായി വിഹിതം അടച്ചു സർക്കാരിന്റെ ക്ഷേമപദ്ധതിയിൽ വിശ്വസമാർപ്പിച്ച്, പെൻഷൻ തുകയെമാത്രം ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് മുൻപ്രവാസികളും അവരുടെ കുടുബാംഗങ്ങളും ആണിപ്പോൾ ദുരിതത്തിലായിരിക്കുന്നത്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ പലരും മരുന്നിനും നിത്യചെലവുകൾക്കുമായി ആശ്രയിക്കുന്നത് പെൻഷൻ തുകയെയാണ്. ഇത് മാസങ്ങളോളം നൽകാതിരിക്കുന്നത് പ്രവാസികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടും. പുതിയ പെൻഷൻ അപേക്ഷകൾ പലകാരണങ്ങൾ പറഞ്ഞ് താമസിപ്പിക്കുകയും, ഈ കാരണങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടും മാസങ്ങളായി പെൻഷൻ വിതരണം നടത്താത്ത അപേഷകളിൽ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നും ഫ്രണ്ട്സ് ഓഫ് തിരുവല്ല ആവശ്യപ്പെട്ടു.
ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) പ്രസിഡണ്ട് തോമസ് കുര്യൻ നെടുംതറയിൽ, ജനറൽ സെക്രട്ടറി അനീഷ് ജോർജ് മാത്യു, ഉപദേശക സമിതി ചെയർമാൻ ജിജി ജോൺ എന്നിവർ ഒപ്പുവച്ച നിവേദനം ഫോട്ടാ രക്ഷാധികാരി ജോൺ സി. എബ്രഹാം, ട്രഷറർ ജോർജ് കെ. തോമസ് എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
Content Highlights: The Friends of Thiruvalla (FOTA) diaspora organization has submitted an urgent petition to the Kerala Chief Minister demanding the immediate release of the Pravasi pension, which has been delayed for the past three months, leaving thousands of returnees in deep financial distress.