കെനിയ അപകടം: ബസ്സിലുണ്ടായിരുന്നത് 14 മലയാളികൾ, മഴയില് വാഹനം മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു

ദോഹ: കെനിയയിൽ അഞ്ചുമലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബസ്സിലുണ്ടായിരുന്നത് 32 പേരാണെന്നാണ് അറിയുന്നത്. മൂന്ന് ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമുൾപ്പെടെയാണിത്. 14 മലയാളികളും കർണാടക, ഗോവ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കായിരുന്നു അപകടം.
അപകടത്തിൽ മരിച്ച മൂവാറ്റുപുഴ സ്വദേശിനി ജെസ്ന ഖത്തറിലെ സ്വകാര്യാശുപത്രിയിൽ പാരാമെഡിക്കൽ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് ഭർത്താവ് മുഹമ്മദ് ഹനീഫ്. അഞ്ചുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
മുൻ പ്രവാസിയായ പുത്തൻപുരയിൽ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരിച്ച റിയ. ദുബായിൽത്തന്നെ ജോലി ചെയ്യുന്ന ഷിയയാണ് ഇരട്ട സഹോദരി. ഇളയ സഹോദരൻ റിഷിയും ദുബായിലാണ്. റിയ ഖത്തറിലെ എയർപോർട്ട് മെയിൻറനൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. ഭർത്താവ് ജോയൽ ഖത്തറിലെ ട്രാവൽ കമ്പനിയിൽ ജീവനക്കാരനാണ്.
അഞ്ച് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഖത്തറിൽനിന്ന് വിനോദയാത്ര പോയവർ
ദോഹ: പെരുന്നാൾ അവധിയോടനുബന്ധിച്ച് ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്രപോയവർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. ഇതിൽ അഞ്ചുപേർ മലയാളികളാണ്. തിരുവല്ല സ്വദേശിനി ഗീതാ ഷോജി ഐസക് (58), മൂവാറ്റുപുഴ സ്വദേശിനി കുറ്റിക്കാട്ടുചായിൽ ജെസ്ന (29), ഏകമകൾ റൂഹി മെഹ്റിൻ (ഒന്നര), പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷി വില്ല പുത്തൻപുരയിൽ റിയ (41), മകൾ ടൈറ (ഏഴ്) എന്നിവരാണ് മരിച്ച മലയാളികൾ. തൃശ്ശൂർ പാവറട്ടി മാടക്കായിൽ മുഹമ്മദ് ഹനീഫിന്റെ ഭാര്യയാണ് ജെസ്ന. മുഹമ്മദ് ഹനീഫിന് പരിക്കേറ്റിട്ടുണ്ട്. റിയയുടെ ഭർത്താവ് കോയമ്പത്തൂർ പോത്തനൂർ സ്വദേശി ജോയൽ (41), മകൻ ട്രാവിസ് (14) എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇവർ സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലെ ഗിചാക്കയിൽവെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ശക്തമായ മഴയിൽ റോഡിൽ തെന്നിനീങ്ങിയ വാഹനം ഒരു മരത്തിലിടിച്ച് മറിയുകയായിരുന്നെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.
അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
റിയ ആൻ, ടൈറ റോഡ്രിഗസ്, ജെസ്ന, റൂഹി മെഹ്റിൻ, ഗീതാ ഷോജി ഐസക്
Content Highlights: A bus carrying 32 tourists, including 14 Malayalis, crashed in Kenya, killing 5