യാത്രാ പ്രശ്നത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട യാത്ര പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കണ്ണൂർ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി കൂടിയായ മന്ത്രി സണ്ണി ജോസഫിന് പ്രവാസി വെൽഫെയർ കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി.

പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ സെക്രട്ടറി നജ്‌ല നജിബ്, വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സൗദിഖ് ഉളിയിൽ, പ്രവാസി വെൽഫെയർ കണ്ണൂർ ജില്ല വൈസ് പ്രസിഡൻ്റ് ഇ.കെ മൻസൂർ, ജില്ലാ നേതാക്കളായ ഇഖ്ബാൽ ചേലേരി, ഹാശിം കെ.എൽ, അഡ്വ: അഹ്മദ് യാസീൻ, പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷക്കിബ് കേളേത്ത് എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായിരുന്നത്.

കണ്ണൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിൽ നിന്ന് ഗൾഫ് യാത്രക്കാർ നേരിടേണ്ടി വരുന്ന വിവേചനപരമായ പെരുമാറ്റം അവസാനിപ്പിക്കാൻ ഇടപെടുക, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുക, അന്താരാഷ്ട്ര സർവീസുകളുടെ കുറവ് പരിഹരിക്കാനും മുന്നറിയിപ്പില്ലാതെയുള്ള വിമാന സർവീസുകളുടെ റദ്ദാക്കലും ഷെഡ്യൂൾ വെട്ടികുറയ്ക്കലും ഒഴിവാക്കാനും സീസൺ കാലത്തെ അനിയന്ത്രിത ടിക്കറ്റ് നിരക്ക് വർദ്ധന നിയന്ത്രിക്കാനും സർക്കാർ തലത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തുക, വിമാനത്താവളത്തിലേക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ്‌ മന്ത്രിക്ക് മുന്നിൽ സമർപ്പിച്ചത്. പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിനായി സർക്കാരിന് വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി തയ്യാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖയും മന്ത്രിക്ക് കൈമാറി.