മസ്‌കറ്റിൽ 'വികസിത ഭാരത് റൺ' സംഘടിപ്പിച്ചു; ഗാന്ധി ജയന്തി ദിനത്തിൽ ആവേശമായി കൂട്ടയോട്ടം

വികസിത ഭാരത് റണ്ണില്‍ നിന്ന്
വികസിത ഭാരത് റണ്ണില്‍ നിന്ന്

മസ്‌കറ്റ്: ഗാന്ധി ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി 'വികസിത ഭാരത് റൺ' സംഘടിപ്പിച്ചു. ആരോഗ്യവും കമ്മ്യൂണിറ്റി ഐക്യവും മുൻനിർത്തി സംഘടിപ്പിച്ച 5 കിലോമീറ്റർ കൂട്ടയോട്ടത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ഭാഗത്തുനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഉണ്ടായത്.

വെള്ളിയാഴ്ച പുലർച്ചെ ആറരയോടെ ഇന്ത്യൻ എംബസി പരിസരത്ത് നടന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി പ്രശാന്ത് പിസേ കൂട്ടയോട്ടം ഫ്‌ലാഗ് ഓഫ് ചെയ്തു.

'ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളാവുക' എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങളും ഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്ത പ്രത്യേക ടീ ഷർട്ടുകൾ ധരിച്ചാണ് പങ്കെടുത്തവർ കൂട്ടയോട്ടത്തിൽ അണിനിരന്നത്. ഇന്ത്യൻ എംബസി പരിസരത്തുനിന്നും ആരംഭിച്ച്, സമാന സ്ഥലത്ത് തന്നെ സമാപിച്ച അഞ്ച് കിലോമീറ്റർ ദൂരമുള്ള കൂട്ടയോട്ടത്തിൽ കുട്ടികളും മുതിർന്നവരുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

കമ്മ്യൂണിറ്റി ഐക്യവും കായികക്ഷമതയും വളർത്തുന്നതിനൊപ്പം 'വികസിത ഭാരത്', 'സ്വച്ഛ ഭാരത്' എന്നീ ദേശീയ കാഴ്ചപ്പാടുകൾ പ്രവാസികൾക്കിടയിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടയോട്ടത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും എംബസി അധികൃതർ മെഡലുകൾ നൽകി ആദരിച്ചു.

Content Highlights: Indian Embassy in Muscat organized the Viksit Bharat Run on Gandhi Jayanti., A 5km marathon promoted health, fitness, and community unity among expats., Indian Ambassador to Oman Prashant Pise flagged off the event., Participants wore special t-shirts featuring Mahatma Gandhi's quotes., All participants were awarded medals by the embassy.