അന്യായമായ നോർക്കാ കെയർ പ്രീമിയം വർധന പിൻവലിക്കണം- സലാല കെ.എം.സി.സി

സലാല: സർക്കാർ പ്രഖ്യാപിച്ച നോർക്ക കെയർ പദ്ധതി പ്രവാസികൾക്ക് താങ്ങും തണലുമാകുമെന്ന പൂർണ വിശ്വാസത്തിലാണ് സലാലയിലെയും ഒമാനിലെയും ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ നിലവിലുള്ള സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ റദ്ദാക്കി ഈ പദ്ധതിയിലേക്ക് മാറിയത്. എന്നാൽ, ഇപ്പോൾ പെട്ടെന്ന് പ്രഖ്യാപിച്ചിരിക്കുന്ന അന്യായമായ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തെ തീർത്തും നിരാശരാക്കിയിരിക്കുകയാണ്. ജനക്ഷേമ പദ്ധതി എന്ന നിലയിൽ ആരംഭിച്ച ഒരു സംവിധാനത്തിൽ നിന്നുമുണ്ടായ ഈ തീരുമാനം പ്രവാസികളോടുള്ള കടുത്ത അനീതിയാണ്. അതിനാൽ സർക്കാർ അടിയന്തരമായി ഇടപെട്ട് താഴെ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കണമെന്ന് സലാല കെ.എം.സി.സി ആവശ്യപ്പെട്ടു. അന്യായമായ പ്രീമിയം വർധനവ് ഉടനടി പിൻവലിക്കുക, സർക്കാർ സബ്സിഡി പുനഃസ്ഥാപിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, പദ്ധതിയുടെ നടത്തിപ്പിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുക. ലക്ഷക്കണക്കിന് പ്രവാസികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തി അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് സലാല കെഎംസിസി പ്രസിഡന്റ് വി പി അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.