സലാലയിൽ മലപ്പുറം ജില്ലാ സൗഹൃദ കൂട്ടായ്മയ്ക്ക് തുടക്കം; പ്രഥമ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

സലാല: ഒമാനിലെ സലാലയിൽ മലപ്പുറം ജില്ലക്കാരെ ഒരുമിപ്പിച്ച് പുതിയൊരു സൗഹൃദ കൂട്ടായ്മയ്ക്ക് ഔദ്യോഗികമായി തുടക്കമായി. പ്രവാസി സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച 'സലാല മലപ്പുറം ജില്ലാ സൗഹൃദ കൂട്ടായ്മ'യുടെ പ്രഥമ സംഗമം വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.

കൂട്ടായ്മയുടെ ചെയർമാൻ അബ്ദുൽ അസീസ് മലപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡോ. ജാസിർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ. സനാതനൻ മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം ചെയർമാൻ ഷൗക്കത്ത് പുറമണ്ണൂർ കൂട്ടായ്മയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ കൂട്ടായ്മയുടെ ഔദ്യോഗിക ലോഗോ പ്രകാശനവും നടന്നു. ബാബു രാജ്, സൈനുദ്ദീൻ പൊന്നാനി, റിഷാൽ താനൂർ, മോഹനൻ ദോഫാർ, മൂസ കോട്ടക്കൽ, നസീമ ജംഷാദ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ റഹീം താനാളൂർ സ്വാഗതവും രാജേഷ് നന്ദിയും പറഞ്ഞു.

സലാലയിലെ ഏറ്റവും പഴക്കം ചെന്ന മലപ്പുറം സ്വദേശികളിൽ ഒരാളായ ചേക്കുട്ടി കോട്ടക്കലിന് കൂട്ടായ്മയുടെ അംഗത്വം നൽകി ആദരിച്ചു. സലാലയിലെ മലപ്പുറം ജില്ലക്കാരുടെ പ്രവാസ ചരിത്രത്തെയും പഴയകാല ബന്ധങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടന്നത്.

കുട്ടികൾക്കായുള്ള വിവിധ കലാ-വിനോദ പരിപാടികൾ, സൗഹൃദ സംഭാഷണങ്ങൾ, ഭക്ഷണവിരുന്ന് എന്നിവ സംഗമത്തെ ആഘോഷമാക്കി. സംഘാടക സമിതിയുടെയും വൊളന്റിയർമാരുടെയും കൂട്ടായ പ്രവർത്തനവും മലപ്പുറം ജില്ലക്കാരുടെ ആവേശകരമായ സഹകരണവും പരിപാടിയുടെ വിജയത്തിന് കരുത്തേകി.