റൂവി മലയാളി അസോസിയേഷന് നോർക്ക റൂട്ട്സിന്റെ അംഗീകാരം

മസ്‌കറ്റ്: ഓമാനിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ റൂവി മലയാളി അസോസിയേഷനിന് കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ സംഘടനയായ നൂർക്ക റൂട്ട്സിന്റെ അംഗീകാരവും അംഗത്വവും ലഭിച്ചു. സംഘടനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമായാണ് ഈ നേട്ടത്തെ ആർ.എം.എ നേതൃത്വം വിലയിരുത്തുന്നത്.
പ്രവാസി മലയാളികൾക്കായി നിരവധി വർഷങ്ങളായി നടത്തി വരുന്ന സേവന പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കാരുണ്യ സഹായങ്ങൾ, അടിയന്തര ഇടപെടലുകൾ, സാമൂഹിക ഐക്യ പ്രവർത്തനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതിയ സംസ്ഥാന സർക്കാരിന്റെ കാലഘട്ടത്തിൽ ആർ.എം.എയ്ക്ക് ലഭിക്കുന്ന ആദ്യ വലിയ അംഗീകാരമാണിത്. ഇതിലൂടെ സംഘടനയ്ക്ക് പ്രവാസി സമൂഹവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാനും വിവിധ ക്ഷേമ പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാനും സാധിക്കുമെന്ന് നേതൃത്വം അറിയിച്ചു.
ഈ അംഗീകാരം ആർ.എം.എയുടെ മാത്രം നേട്ടമല്ല, ഓമാനിലെ മുഴുവൻ പ്രവാസി മലയാളികളുടെ അംഗീകാരമാണ്. വർഷങ്ങളായി സംഘടനയെ വിശ്വസിച്ച് കൂടെ നിന്ന എല്ലാ അംഗങ്ങൾക്കും പ്രവർത്തകർക്കും പിന്തുണച്ച സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രവാസി സമൂഹത്തിനായി കൂടുതൽ ശക്തമായും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ ഈ അംഗീകാരം ഞങ്ങൾക്ക് പ്രചോദനമാകുമെന്നും ആർ.എം.എ. പ്രസിഡന്റ് ഫൈസൽ ആലുവ പറഞ്ഞു.
‘സാമൂഹിക പ്രതിബദ്ധതയോടെ നടത്തിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് നോർക്ക അംഗത്വം. ഭാവിയിൽ ആരോഗ്യ, വിദ്യാഭ്യാസ, നിയമ, ജീവകാരുണ്യ മേഖലകളിൽ കൂടുതൽ പദ്ധതികൾ ആർ എം എയുടെ നേതൃത്വത്തിൽ നടപ്പിലാക്കും. പ്രവാസികളുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താനും സംഘടന കൂടുതൽ സജ്ജമാകുമെന്നും ജനറൽ സെക്രട്ടറി ഡോക്ടർ മുജീബ് പറഞ്ഞു:
അംഗീകാരം ലഭിച്ചതോടെ ആർ.എം.എ പ്രവർത്തകരിലും അംഗങ്ങളിലുമെല്ലാം വലിയ ആവേശമാണ് നിലനിൽക്കുന്നത്. വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും സംഘടനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
Content Highlights: RMA receives official recognition from NORKA Roots