എസിസി പുരുഷ അണ്ടർ-19 ഏഷ്യ കപ്പിന് ഒമാൻ ആതിഥേയത്വം വഹിക്കും

മസ്കറ്റ്: എസിസി പുരുഷ അണ്ടർ-19 ഏഷ്യ കപ്പിന് ഒമാൻ ആതിഥേയത്വം വഹിക്കും. നവംബർ അഞ്ച് മുതൽ 14 വരെ അൽ ആമിറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമിയിലാണ് ടൂർണമെന്റ്. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യമാണ്. നവംബർ 8-ന് നടക്കുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം ടൂർണമെന്റിലെ പ്രധാന ആകർഷണമാകും. ഗ്രൂപ്പ് എ-യിൽ ഇന്ത്യക്കും പാകിസ്താനുമൊപ്പം നേപ്പാളും യുഎഇയുമാണ് ഉൾപ്പെട്ടിരിക്കുന്നത്; അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ എന്നിവർ ഗ്രൂപ്പ് ബി-യിലും മത്സരിക്കും. ലക്ഷ്യ റായ്ചന്ദ്നിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ നിരയിൽ മുൻ താരങ്ങളായ വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും അണിനിരക്കുന്നുണ്ട്.