സലാലയിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്ക്

അപകടത്തില്‍ മരിച്ച ഫാത്തിമത്ത് ഷാന | ഫോട്ടോ: അറേഞ്ച്ഡ്‌
അപകടത്തില്‍ മരിച്ച ഫാത്തിമത്ത് ഷാന | ഫോട്ടോ: അറേഞ്ച്ഡ്‌

സലാല: സലാല-ഹൈമ റോഡിൽ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്.

ഭർത്താവ് മുഹമ്മദ് ഷാനിദിനെയും (31) യാത്രയിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. മസ്‌കറ്റിലെ സീബിൽ ഫാൽക്കൺ ഗ്രാഫിക്‌സ്' എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്.

ഫാത്തിമത്ത് ഷാനയുടെ മരണാനന്തര നടപടികൾ പുരോഗമിക്കുകയയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും സലാല കെ.എം.സി.സി കെയർവിങ് ഭാരവാഹികൾ അറിയിച്ചു.

Content Highlights: A 24-year-old Malayali woman from Kannur, who recently arrived in Oman on a visit visa, was killed, and her husband along with another youth sustained injuries after their car lost control and overturned on the Salalah-Haima road.