ആരോഗ്യരംഗത്ത് ചരിത്രനേട്ടം: ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി

മസ്കറ്റ്: പൂര്‍ണ്ണമായും ഒമാനി മെഡിക്കല്‍ സംഘം നേതൃത്വം നല്കിയ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഗുരുതരമായ ഹൃദയസ്തംഭനം മൂലം ബുദ്ധിമുട്ടനുഭവിച്ചിരുന്ന സ്വദേശിക്കാണ് മസ്തിഷ്ക മരണം സംഭവിച്ച ദാതാവില്‍ നിന്ന് ലഭിച്ച ഹൃദയം മാറ്റി വച്ചത്. ഒമാന്റെ ആരോഗ്യമേഖലയിലെ ഒരു നിര്‍ണ്ണായക മുന്നേറ്റമാണിതെന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 'പ്രത്യാശയുടെ മിടിപ്പുമായി ഒരു ഹൃദയം....,ഒമാന്റെ ചരിത്രത്തില്‍ ആദ്യമായി ഒമാനി കരങ്ങളാല്‍ ഹൃദയം മാറ്റിവയ്ക്കല്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു, എന്നാണു മന്ത്രാലയം ഈ വിഷയത്തില്‍ പ്രതികരിച്ചത്.
ഒമാന്റെ ആരോഗ്യമേഖലയുടെ യാത്രയിലെ ഒരു നാഴികക്കല്ലാണ് ഈ വിജയമെന്നും, മസ്തിഷ്ക മരണം സംഭവിച്ച ഒരു ദാതാവില്‍ നിന്നുള്ള ഹൃദയം മാറ്റിവച്ചത് ഉയര്‍ന്ന വൈദ്യശാസ്ത്ര ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ.ഹിലാല്‍ ബിന്‍ അലി അല്‍ സാബ്തി പറഞ്ഞു. ദേശീയ നിയമങ്ങള്‍ക്കും അംഗീകൃത അന്താരാഷ്ട്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായാണ് ഈ ശസ്ത്രക്രിയ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
ഒരു പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മാത്രം കഠിനാധ്വാനത്തിന്റെ ഫലമല്ല ഈ നേട്ടമെന്നും. വിവേകശാലിയായ ഭരണാധികാരികളുടെ ദീര്‍ഘവീക്ഷണവും, ദേശീയ വൈദഗ്ധ്യത്തിന്റെ കഴിവ്, മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ ചിന്താഗതി എന്നിവയെല്ലാം ഇതിന് പിന്നിലുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ ഉയര്‍ന്ന തലത്തിലുള്ള കഴിവും ഉത്തരവാദിത്വബോധവും പ്രകടിപ്പിച്ച് നിര്‍വഹിക്കാന്‍ സജ്ജരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നതാന് ഈ വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlights: Oman`s First Successful Omani-Led Heart Transplant