ഒമാനിൽ പ്രവാസികളുടെ ഗ്രാറ്റുവിറ്റിക്ക് പകരം പ്രൊവിഡന്റ് ഫണ്ട്: പുതിയ പദ്ധതി 2027 ജൂലൈ 19 മുതൽ നിലവിൽ വരും

മസ്കറ്റ് : ഒമാനിലെ പ്രവാസി തൊഴിലാളികൾക്കുള്ള സേവനാനന്തര ആനുകൂല്യമായ (എൻഡ് ഓഫ് സർവീസ്) ഗ്രാറ്റുവിറ്റി സമ്പ്രദായത്തിന് പകരമായി പുതിയ പ്രൊവിഡന്റ് ഫണ്ട് പദ്ധതി നടപ്പിലാക്കുന്നു. സുൽത്താനേറ്റിന്റെ സാമൂഹിക സംരക്ഷണ നിയമത്തിന്റെ (സോഷ്യൽ പ്രൊട്ടക്ഷൻ ലോ) ഭാഗമായി ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതി 2027 ജൂലൈ 19 മുതലാണ് പ്രാബല്യത്തിൽ വരിക. പുതിയ വ്യവസ്ഥ പ്രകാരം, ഓരോ തൊഴിലാളിയുടെയും അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനത്തിന് തുല്യമായ തുക തൊഴിലുടമ പ്രതിമാസം വിഹിതമായി പ്രൊവിഡന്റ് ഫണ്ടിലേക്ക് അടയ്ക്കേണ്ടതുണ്ട്.
പദ്ധതി നിലവിൽ വരുന്ന തീയതി മുതൽ പ്രവാസികളുടെ തുടർ സേവനകാലയളവിന് നിലവിലുള്ള പഴയ ഗ്രാറ്റുവിറ്റി സമ്പ്രദായം ബാധകമായിരിക്കില്ല. പകരം, തൊഴിലാളിയുടെ പേരിൽ പ്രതിമാസം സമാഹരിക്കുന്ന തുകയും അതിൽ നിന്ന് ലഭിക്കുന്ന നിക്ഷേപ വരുമാനവും സാമൂഹിക സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി സേവനകാലാവധി പൂർത്തിയാകുമ്പോൾ വിതരണം ചെയ്യും. പ്രവാസി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സുരക്ഷിതമായി സമാഹരിക്കാനും അതിന്മേലുള്ള വരുമാനം സഹിതം തൊഴിലാളികൾക്ക് ലഭ്യമാക്കാനുമാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
അതേസമയം, പദ്ധതി പ്രാബല്യത്തിൽ വരുന്ന 2027 ജൂലൈ 19-ന് മുമ്പുള്ള മുൻകാല സേവനകാലയളവിലെ ഗ്രാറ്റുവിറ്റിയുടെ കാര്യത്തിൽ തൊഴിലുടമകൾക്ക് മൂന്ന് തരം മാർഗങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാമതായി, നിലവിലെ തൊഴിൽ നിയമപ്രകാരം ഈ തുക തൊഴിലുടമയ്ക്ക് തന്നെ കൈവശം വെക്കുകയും, തൊഴിലാളിയുടെ സേവനം അവസാനിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളം കണക്കാക്കി നൽകുകയും ചെയ്യാം. രണ്ടാമതായി, പുതിയ പദ്ധതി നടപ്പാക്കുന്ന ഘട്ടത്തിൽ തന്നെ മുൻകാല സേവനത്തിനുള്ള ഗ്രാറ്റുവിറ്റി തുക കണക്കാക്കി തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാം. മൂന്നാമത്തെ മാർഗമായി, ഈ തുക സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ തൊഴിലാളിയുടെ പേരിൽ ആരംഭിക്കുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനും അവസരമുണ്ട്.