ഒമാനിൽ ഹലാൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ നിബന്ധന പുറപ്പെടുവിച്ചു

മസ്കറ്റ്: ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങളിലെ ഹലാൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ നിബന്ധന പുറപ്പെടുവിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ നൽകുന്ന ഹലാൽ സർട്ടിഫിക്കറ്റുകൾ ഇനിമുതൽ സ്വീകരിക്കില്ല. അടുത്ത ജൂലായ് ഒന്നുമുതൽ പുതിയ തീരുമാനം നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.
ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ പുതിയ തീരുമാനം എടുത്തത്. ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർ, ഉൽപാദക രാജ്യത്തെ സർട്ടിഫിക്കേഷൻ ഏജൻസികളുമായും ഒമാനിലെ വിതരണക്കാരുമായും ചേർന്ന് നടപടികൾ പൂർത്തിയാക്കണം. ഉൽപന്നങ്ങൾ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് മുൻപുതന്നെ ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഓർമ്മിപ്പിച്ചു.
ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് അനുവാദമുള്ളതെന്നും നടപടിക്രമങ്ങൾ എന്തെല്ലാമാണെന്നും അറിയാൻ ഭക്ഷ്യസുരക്ഷാ മന്ത്രാലയത്തിന്റെ ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം. സ്ഥാപനവുമായി കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് സർട്ടിഫിക്കേഷൻ സ്ഥാപനത്തിന്റെ നിയമസാധുത പരിശോധിക്കേണ്ട ഉത്തരവാദിത്തം ഇറക്കുമതിക്കാർക്കാണ്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളുമായി ഉണ്ടാക്കുന്ന കരാറുകളിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾക്ക് ഭക്ഷ്യസുരക്ഷാ മന്ത്രാലയം ഉത്തരവാദിയായിരിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
Content Highlights: Oman enforces new Halal certification rules for imported food products starting July 1., Only certificates from food safety approved institutions will be accepted., Importers are responsible for verifying certification agencies before making agreements., The Ministry will not be liable for financial losses from unapproved agency contracts.