ഇന്ത്യൻ സോഷ്യൽക്ലബ്ബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവ മത്സരങ്ങൾക്ക് തിരശീല വീണു

മസ്കറ്റ് : കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിലായി, ഒക്ടോബർ 23, 24, 30, 31 തീയ്യതികളിൽ ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽക്ലബ്ബ് ഹാളിലും മത്രയിലെ സബലത്ത് ഹാളിലുമായി നടന്ന കേരള വിഭാഗം യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള കലാ മത്സരങ്ങൾ സമാപിച്ചു.

കുട്ടികളും മുതിർന്നവരുമായി ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ 800 ൽ അധികം കലാകാരന്മാരും കലാകാരികളും മാറ്റുരച്ച ഉത്സവം കാണാൻ രക്ഷിതാക്കളും അധ്യാപകരും മറ്റുമായി 100 കണക്കിന് പേരാണ് എത്തിയത്. സബ്ബ്ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി 55ലേറെ ഇനങ്ങളിൽ ആണ് കലാമത്സരങ്ങൾ നടന്നത്.

2001 മുതൽ കേരള വിഭാഗം നടത്തി വരുന്ന യുവജനോത്സവ മത്സരങ്ങൾക്ക് ഒമാനിലെ പൊതു സമൂഹത്തിൽ വലിയ സ്വീകാരികതയാണുള്ളത് എന്ന് വിളിച്ചോതുന്നതായിരുന്നു ഈ വർഷത്തെ പങ്കാളിത്തം. 40 ൽ അധികം മത്സരാർത്ഥികൾ ഒരു ഇനത്തിൽ പങ്കെടുത്ത മത്സരഇനങ്ങൾ വരെ ഈ വർഷം ഉണ്ടായിരുന്നു. കേരളനടനം, കഥാപ്രസംഗം, ടാബ്ലോ തുടങ്ങിയവയിൽ ഈ വർഷം മികച്ച മത്സരങ്ങൾ നടന്നു. രാവിലെ 9 മണി മുതൽ വിവിധ വേദികളിൽ അരങ്ങേറിയ കലാമത്സരങ്ങൾ രാത്രി ഏറെ വൈകും വരെ നീണ്ടുനിന്നു.

അവരവരുടെ മേഖലകളിൽ പ്രാവീണ്യവും വൈദഗ്ദ്യവും തെളിയിച്ച അറിയപ്പെടുന്ന കലാകാരൻമാരാണ് മത്സരങ്ങൾക്ക് വിധികർത്താക്കളായി വന്നത്. മത്സരങ്ങളുടെ അവസാനദിവസം നടന്ന സമാപനചടങ്ങിൽ വിധികർത്താക്കൾക്കുള്ള കേരള വിഭാഗത്തിൻ്റെ സ്നേഹോപഹാരം കൺവീനർ അജയൻ പൊയ്യാറയും മറ്റ് മാനേിജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനിച്ചു.

ഇത്രയും ശക്തമായ മത്സരം നാട്ടിലെ യുവജനോത്സവ വേദികളിൽ വരെ കാണാൻ കഴിഞ്ഞിട്ടില്ല എന്ന് വിധികർത്താക്കൾ സമാപന ചടങ്ങിൽ വച്ച് പറയുകയുണ്ടായി. യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ അടുത്ത ദിവസം തന്നെ സംഘടിപ്പിക്കുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു.