ഇന്ത്യന്‍ സ്‌കൂള്‍ ടാലെന്റ് ഫെസ്റ്റ്: സലാല ഇന്ത്യന്‍ സ്‌കൂളിന് കിരീടം

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്‌കൂള്‍ ടാലന്റ് ഫെസ്റ്റില്‍ ഇന്ത്യന്‍ സ്‌കൂള്‍ സലാല കിരീടം ചൂടി. ആതിഥേയരായ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. നവംബര്‍ 13, 14 തീയതികളിലായി മബേല ഇന്ത്യന്‍ സ്‌കൂളില്‍ അരങ്ങേറിയ പരിപാടിയില്‍ രാജ്യത്തെ 22 ഇന്ത്യന്‍സ്‌കൂളിലെ 2600ലധികം വിദ്യാര്‍ഥികള്‍ മാറ്റുരച്ചു. , നൃത്തം, സംഗീതം, സാഹിത്യം, ചിത്രരചന, മൂകാഭിനയം, തെരുവുനാടകം എന്നിങ്ങനെ 33 ഇനങ്ങളിലാണ് വാശിയേറിയ മത്സരം നടന്നത്. മത്സരയിനങ്ങള്‍ക്ക് പുറമേ യൂണിക്ക് ടാലന്റ് റെക്കഗ്‌നിഷന്‍, സെന്റര്‍ ഫോര്‍ കെയര്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വണ്ടര്‍ വിവേഴ്സ് ടാലന്റ് എന്നിവയും സ്‌കൂള്‍ ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.

ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേലയിലെ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ നടന്ന പ്രൌഡഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ ലോയ് ഖാലിദ് ബാ മഖലിഫ് മുഖ്യാതിഥിയും ഇബ്രാഹിം അല്‍ ബുസൈദി വിശിഷ്ടാതിഥിയുമായി. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അഹമ്മദ് സല്‍മാന്‍, ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, മബേല സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്കു ശേഷം കേരള ത്തിലെ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കാണാറുള്ള വീറും വാശി യോടെയുമാണ് ഒമാനിലെ വിദ്യാര്‍ത്ഥികള്‍ വേദികളില്‍ മത്സരിച്ചത്. സമാനതകളില്ലാത്ത കലാ മാമാങ്കത്തിനാണ് രണ്ടു ദിവസം മബേല ഇന്ത്യന്‍ സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്.

സമാപന ചടങ്ങില്‍ ഒമാന്‍ തൊഴില്‍ സുരക്ഷ, ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ എഞ്ചിനീയര്‍ സക്കരിയ ഖാമിസ് അല്‍.സാദി മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ എംബസിയിലെ കൗണ്‍സിലര്‍ (ചാന്‍സറി മേധാവി) പര്‍ദീപ് കുമാര്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേലയുടെ ചുമതല വഹിക്കുന്ന സ്‌കൂള്‍ ബോര്‍ഡ് അംഗം കൃഷ്‌ണേന്ദു. എസ് സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഹര്‍ഷേന്ദു ഷാ അധ്യക്ഷ പ്രസംഗം നടത്തി. സെന്റര്‍ ഫോര്‍ കെയര്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ആകര്‍ഷകമായ ചൈനീസ് ഓറിയന്റല്‍ നൃത്തവും ചടങ്ങില്‍ അരങ്ങേറി. രണ്ടു ദിവസം നീണ്ടു നിന്ന മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ സ്‌കൂളുകള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി . ഏറ്റവും കൂടുതല്‍ പോയന്റ് നേടി ഒന്നാമതെത്തിയ ഇന്ത്യന്‍ സ്‌കൂള്‍ സലാല പ്രതിനിധികള്‍ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി സമ്മാനിച്ചു. പോയന്റ് നിലയില്‍ രണ്ടാമതെത്തിയ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേലയ്ക്കും വേദിയില്‍ ട്രോഫി സമ്മാനിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മബേല മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷമീം ഹുസൈന്‍ നന്ദി പറഞ്ഞു.

Content Highlights: Indian School Salalah crowned champions at the Oman Indian School Talent Fest, hosted by the Board of Directors