മത്രയുടെ പ്രവാസി സങ്കേതം വിടവാങ്ങുന്നു: മജീദ്ക്കാന്റെ ചായക്കടയ്ക്ക് പൂട്ട് വീണു

മസ്കറ്റ് : മസ്കറ്റിലെ മത്രയിൽ മൂന്നര പതിറ്റാണ്ടിലേറെ പ്രവാസി മലയാളികളുടെ സൗഹൃദങ്ങളുടെയും ഒത്തുകൂടലിന്റെയും കേന്ദ്രമായിരുന്ന മജീദ്ക്കാന്റെ ചായക്കട ഓർമ്മയാകുന്നു. മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയയും ഇല്ലാതിരുന്ന കാലത്ത് നാടിന്റെയും നാട്ടുകാരുടെയും വിശേഷങ്ങൾ പങ്കുവെക്കാനും പുതിയ ആൾക്കാരെ കണ്ടെത്താനും ഒമാൻ പ്രവാസികൾ ആശ്രയിച്ചിരുന്ന പ്രധാന ലാൻഡ്മാർക്കായിരുന്നു ഈ കൊച്ചു കോഫി ഷോപ്പ്. 36 വർഷത്തെ ദീർഘമായ പ്രവാസ ജീവിതം അവസാനിപ്പിച്ച് കടയുടമയായ കണ്ണൂർ അത്താഴക്കുന്ന് സ്വദേശി മജീദ്ക്ക നാട്ടിലേക്ക് മടങ്ങുന്നതോടെയാണ് പ്രവാസികളുടെ ഈ പ്രിയപ്പെട്ട ഇടത്തിന് പൂട്ട് വീഴുന്നത്. 1990-ൽ മസ്കറ്റിലെത്തിയ അദ്ദേഹം ഒരു അവധി പോലും എടുക്കാതെ, ഒരേ ഒമാനിക്ക് കീഴിൽ ഒരേ കടയിലാണ് ഇത്രയും കാലം സേവനം ചെയ്തത് എന്നതും ശ്രദ്ധേയമാണ്.
മത്ര ബലദിയ പാർക്കിന് സമീപമുള്ള ഈ കടയിൽ ദിനംപ്രതി ജോലി കഴിഞ്ഞ് എത്തുന്ന പ്രവാസികൾ രാഷ്ട്രീയവും നാട്ടുവിശേഷങ്ങളും പങ്കുവെച്ച് കൂടിച്ചേരുന്നത് പതിവായിരുന്നു. മത്രയിലുള്ളവർക്ക് പുറമെ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന മലയാളികളുടെയും സ്ഥിരം താവളമായിരുന്നു ഈ കട. വെറുമൊരു കച്ചവട സ്ഥാപനം എന്നതിലുപരി, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഒരു കേന്ദ്രം കൂടിയായിരുന്നു ഇവിടം. റമളാനിലെ ഇഫ്താർ ഒരുക്കങ്ങളിലും വിശേഷ ദിവസങ്ങളിലെ പായസ വിതരണത്തിലും മജീദ്ക്ക സജീവമായി പങ്കെടുത്തു.
മജീദ്ക്കാന്റെ കടയുടെ വാതിലുകൾ അടയുമ്പോൾ ഒമാൻ മലയാളികളുടെ വലിയൊരു കൂട്ടായ്മയ്ക്കാണ് അവിടെ തിരശ്ശീല വീഴുന്നത്. പ്രവാസി തലമുറകളുടെ ഓർമകളും സന്തോഷങ്ങളും സങ്കടങ്ങളും സാക്ഷ്യപ്പെടുത്തിയ ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണിത്.