സഞ്ചാരികളെ ആകർഷിച്ച ജബൽ അഖ്ദറിലെ റോസാപ്പൂ സീസൺ അവസാനിച്ചു

മസ്‌കറ്റ്: ഒമാനിലെ ജബൽ അഖ്ദറിലെ റോസാപ്പൂ സീസൺ അവസാനിച്ചു. ആയിരക്കണക്കിന് സഞ്ചാരികളാണ് സീസണിൽ ജബൽ അഖ്ദറിലേക്ക് ഒഴുകിയെത്തിയത്. രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുന്നതായിരുന്നു റോസാപ്പൂ സീസൺ. സീസണോട് അനുബന്ധിച്ച് വിവിധ പരിപാടികളും ഒരുക്കിയിരുന്നു.

റോസ പുഷ്പങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന മനോഹര ദൃശ്യം കാണാൻ നിരവധി സഞ്ചാരികളാണ് ഒമാനിലെ ജബൽ അഖദറിലേക്ക് ഒഴുകിയെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായത്. വിനോദ സഞ്ചാര മേഖലക്ക് മാത്രമല്ല സംമ്പത്തിക മേഖലയ്ക്കും വലിയ കരുത്താണ് സീസൺ സമ്മാനിച്ചത്. സീസണിലൂടനീളം 75-ലധികം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. 65-ലധികം ചെറുകിട-ഇടത്തരം സംരംഭങ്ങളും കുടിൽ വ്യവസായത്തിലൂടെ കുടുംബങ്ങളും പങ്കാളികളായി. ഒമാനി റോസ്' എന്ന പേരിൽ ആഗോള ബ്രാൻഡ് നിർമ്മിച്ചെടുക്കാനാണ് ദാഖിലിയ ഗവർണറേറ്റ് ലക്ഷ്യമിടുന്നത്. 400 പേർ പങ്കെടുത്ത നടത്തം, റോസ് ട്രയൽ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും പരിസ്ഥിതി സൗഹൃദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

റോസ് കൃഷിയുടെ ഭാവി, ഉത്പാദനക്ഷമത വർധിപ്പിക്കൽ, ആധുനിക വിപണന രീതികൾ എന്നിവയെക്കുറിച്ച് വിദഗ്ധ ചർച്ചകളും സെമിനാറും സീസനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.'തീയേറ്റർ പ്രകടനങ്ങൾ, തത്സമയ പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങൾ എന്നിവയും ഇത്തവണത്തെ സീസണിൽ അരങ്ങേറി. ഏകദേശം 6,000 റോസാച്ചെടികളിൽ നിന്നായി പ്രതിവർഷം 30,000 ലിറ്റർ റോസ് വാട്ടർ ജബൽ അഖ്ദറിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. 2,10,000 ഒമാനി റിയാലോളമാണ് ഇതിന്റെ വിപണന മൂല്യം. 

Content Highlights: Successful completion of the 2026 rose season in Jebel Akhdar., Significant increase in tourist footfall compared to previous years., Creation of 75+ jobs and support for 65+ small-medium enterprises., Annual production of 30,000 liters of rose water valued at 210,000 Omani Rials., Strategic focus on developing the 'Omani Rose' as a global brand.