നവിൻ അഷർ കാസി അധ്യാപന പുരസ്കാരം: ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ് അധ്യാപകർക്ക് അംഗീകാരം

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അധ്യാപകരുടെ അധ്യാപന മികവ് ആദരിക്കുന്ന നവിൻ അഷർ കാസി അവാർഡ്‌സ് ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് 2025–26 ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റിലെ അധ്യാപകർ ശ്രദ്ധേയ നേട്ടം കൈവരിച്ചു. ജനുവരി 28-ന് ഇന്ത്യൻ സ്‌കൂൾ മസ്കറ്റിൽ നടന്ന ചടങ്ങിലാണ് അധ്യാപകർക്ക് പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചത്.

വിദ്യാഭ്യാസ രംഗത്തെ സമർപ്പണവും നവീന അധ്യാപനരീതികളും ആഘോഷിക്കുന്ന ചടങ്ങിൽ സിബിഎസ്ഇ സെക്രട്ടറി (ഇന്ത്യ) ഹിമാൻഷു ഗുപ്ത ഐഎഎസ് മുഖ്യാതിഥിയും മുഖ്യ പ്രഭാഷകനുമായി. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെയും സിബിഎസ്ഇയുടെ പ്രാദേശിക നേതൃത്വത്തിലെയും പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി. ഇന്ത്യൻ സ്‌കൂളുകൾ ഒമാനിലെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിലെ അധ്യാപകരായ ഖാൻ സമീന മന്നാൻ (ഫൗണ്ടേഷൻ സ്റ്റേജ്), ബിന്ദു രഞ്ജിത് (പ്രിപറേറ്ററി സ്റ്റേജ്) എന്നിവർക്ക് അധ്യാപന മികവിനുള്ള പുരസ്കാരം ലഭിച്ചു. കൂടാതെ മികച്ച സംഭാവനകൾക്കുള്ള അംഗീകാര സർട്ടിഫിക്കറ്റുകൾ ഫൗണ്ടേഷൻ സ്റ്റേജിൽ നിന്ന് ലീന ഗിരീഷ്, അസിയ തബസ്സും, ഇച്ചപുരപ്പു ഗായത്രി അപർണ, പ്രിപറേറ്ററി സ്റ്റേജിൽ നിന്ന് ലക്ഷ്മി ശേഖാവത്, സിന്ധു കടങ്കോട്, ബിന്ദു സുരേഷ് കുമാർ, ദിവ്യ ഹരീഷ പൂജാരി, മിഡിൽ സെക്ഷനിൽ നിന്ന് ഹർജിന്ദർ കൗർ ഹാര, സീനിയർ സെക്ഷനിൽ നിന്ന് ഫാത്തിമ പി. അലിയാർ, സ്പെഷ്യൽ എജുക്കേറ്റർ/കൗൺസിലർ വിഭാഗത്തിൽ നിന്ന് നൗഷീൻ സമാൻ എന്നിവർക്കും നൽകി.

“Transformative Teaching – Changing Lives Beyond the Classroom” എന്ന പ്രമേയത്തിൽ നടന്ന മത്സര വിഭാഗത്തിൽ സൗമ്യ നായർ മൂന്നാം സ്ഥാനം നേടി. ഇന്ത്യൻ സ്‌കൂൾ ദർസൈറ്റ് പ്രിൻസിപ്പൽ അമർ ശ്രീവാസ്തവയ്ക്ക് ദീർഘകാല സേവനത്തിനുള്ള അംഗീകാര പുരസ്കാരവും സമ്മാനിച്ചു. സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ഷാലിമാർ മൊയ്ദീൻ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു. അധ്യാപകരുടെ ഈ നേട്ടങ്ങൾ ഇന്ത്യൻ സ്‌കൂൾ ദർസൈറ്റിന്റെ വിദ്യാഭ്യാസ ദർശനത്തിന്റെ പ്രതിഫലനമാണെന്നും വിദ്യാർഥികളെ പ്രചോദിപ്പിക്കുന്ന പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ്‌എംസി കൺവീനർ ഷബീർ ഷംസുദ്ദീൻ, ലേണിംഗ് ആൻഡ് ടീച്ചിംഗ് സബ് കമ്മിറ്റിയുടെ കോ–ഇ ചെയർമാൻ ആശിഷ് രസ്തോഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Oman's Indian Schools Recognize Teaching Excellence: Indian School Darsait Faculty Honored at Naveen Ashar Kazmi Awards