'പരേതരുടെ ചങ്ങാതി': പ്രവാസലോകത്തിന്റെ സ്വന്തം ഇബ്രാഹിം ഒറ്റപ്പാലം

#ഫൈസല്‍ മുഹമ്മദ്
ഇബ്രാഹിം ഒറ്റപ്പാലം
ഇബ്രാഹിം ഒറ്റപ്പാലം

മസ്‌കറ്റ്: ജീവിച്ചിരിക്കുമ്പോൾ നമുക്ക് ചുറ്റും ആയിരക്കണക്കിന് സൗഹൃദവലയങ്ങൾ ഉണ്ടാകാം. ഒരു ഫോൺ വിളിക്കപ്പുറം സുഖദുഃഖങ്ങളിൽ പങ്കുചേരാനും കൈത്താങ്ങാകാനും ഒരുപാട് പേർ കൂടെയുണ്ടാകും. വർഷങ്ങളുടെ പരിചയത്തിൽ നിന്നും സ്‌നേഹബന്ധങ്ങളിൽ നിന്നും ഉടലെടുക്കുന്നവയാണ് ആ കൂട്ടുകെട്ടുകൾ. എന്നാൽ, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, മുൻപരിചയമോ രക്തബന്ധമോ ഒന്നുമില്ലാത്ത ഒരാൾക്ക് വേണ്ടി അയാളുടെ നിശ്ചലമായ ശരീരം പ്രവാസത്തിന്റെ നിയമക്കുരുക്കുകളിൽ നിന്ന് മോചിതമായി അവസാന യാത്രയ്ക്ക് തയ്യാറാകുന്നത് വരെ കൂടെ നിൽക്കുന്ന ഒരു ചങ്ങാതിയെക്കുറിച്ചാണ് ഈ വാക്കുകൾ. ഒമാനിലെ പ്രവാസലോകം സ്‌നേഹത്തോടെയും ആദരവോടെയും 'പരേതരുടെ ചങ്ങാതി' എന്ന് വിളിക്കുന്ന ഇബ്രാഹിം ഒറ്റപ്പാലം എന്ന മനുഷ്യസ്‌നേഹിയുടെ കഥയാണിത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അമ്പലപ്പാറയിൽ ബാവയുടെയും മറിയകുട്ടിയുടെയും മകനായി 1987 മെയ് 30-നാണ് ഇബ്രാഹിം ജനിച്ചത്. ജീവിതത്തിലെ പ്രാരബ്ധങ്ങളോടും സ്വപ്നങ്ങളോടും പൊരുതി 2007-ൽ മസ്‌കറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സാധാരണ പ്രവാസിയായി എത്തുമ്പോൾ, വരാനിരിക്കുന്ന നാളുകളിൽ ഒമാനിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് തണലേകുന്നൊരു വന്മരമായി താൻ മാറുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല. 2010-ൽ കെ.എം.സി.സിയുടെ ഒരു സാധാരണ പ്രവർത്തകനായിട്ടായിരുന്നു പൊതുപ്രവർത്തന രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ ചുവടുവെപ്പ്. മസ്‌കറ്റ് മബേല കെ.എം.സി.സിയുടെ പടവുകളിലൂടെ വളർന്ന്, കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മുൻനിരയിലേക്ക് അദ്ദേഹം നടന്നുകയറി.

ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ സേവനജീവിതത്തിലെ ഏറ്റവും ഉജ്ജ്വലവും ഹൃദയസ്പർശിയുമായ അധ്യായം പിറന്നത് 2020-ലെ കോവിഡ് മഹാമാരിക്കാലത്താണ്. ലോകം ഭയന്ന് വീടുകൾക്കുള്ളിൽ അടച്ചിരുന്നപ്പോൾ, പ്രിയപ്പെട്ടവരുടെ ഒരു നോക്ക് പോലും കാണാനാവാതെ മരണത്തിന് കീഴടങ്ങിയവരുടെ മൃതദേഹങ്ങൾക്ക് മുന്നിൽ കാവലാളായി അദ്ദേഹം നിന്നു. നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും, മരണപ്പെട്ടവർക്ക് അർഹമായ അന്ത്യയാത്ര ഒരുക്കാനും അദ്ദേഹം കാണിച്ച ആത്മസമർപ്പണം വാക്കുകൾക്കതീതമാണ്.

കഴിഞ്ഞ ആറ് വർഷങ്ങൾക്കുള്ളിൽ ഏകദേശം ആയിരത്തോളം മൃതദേഹങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സ്വദേശത്തേക്ക് കയറ്റി അയച്ചത്. അവശ്യ രേഖകളോ വിലാസങ്ങളോ പോലുമില്ലാതെ ഒമാനിൽ അനാഥമായിപ്പോകുമായിരുന്ന എത്രയോ ജന്മങ്ങൾക്ക് നാടിന്റെ മണ്ണിലുറങ്ങാൻ അവസരമൊരുക്കിയത് ഈ നിസ്വാർത്ഥ സേവകനാണ്. വ്യാഴാഴ്ച രാത്രി മസ്‌കറ്റിൽ മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം വെള്ളിയാഴ്ച പകലോടെ നാട്ടിലെത്തിക്കാൻ പലതവണ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരു മരണവാർത്ത അറിഞ്ഞാൽ തന്റെ വിശ്രമവേളകളും കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട നിമിഷങ്ങളും മാറ്റിവെച്ച് അദ്ദേഹം ഓടിയെത്തും. ജാതിയും മതവും ഭാഷയും ദേശവും നോക്കാതെ, പ്രവാസത്തിന്റെ ഏകാന്തതയിൽ പൊലിഞ്ഞുപോയ ആത്മാക്കൾക്ക് വേണ്ടി അദ്ദേഹം പൊരുതി.

സ്ഥാനമാനങ്ങൾ അലങ്കാരങ്ങളല്ല, മറിച്ച് കൂടുതൽ മനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ഉത്തരവാദിത്വങ്ങളാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഇബ്രാഹിം ഒറ്റപ്പാലം. ഇന്ന് മസ്‌കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്, മസ്‌കറ്റ് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, മസ്‌കറ്റ് കെ.എം.സി.സി കെയർ വിങ് കൺവീനർ, എന്നീ നിലകളിൽ അദ്ദേഹം സേവനം ചെയ്യുന്നു. അതോടൊപ്പം മബേല കെ.എം.സി.സി, മബേല ശിഹാബ് തങ്ങൾ മദ്രസ തുടങ്ങി ഒട്ടനവധി പ്രസ്ഥാനങ്ങളിൽ ഉപദേശകനായും നിരീക്ഷകന അദ്ദേഹത്തിന്റെ നിറസാന്നിധ്യമുണ്ട്. എങ്കിലും, ഏതൊരാൾക്കും ഇടനിലക്കാരില്ലാതെ, ഏതു പാതിരാത്രിയിലും നേരിട്ട് സമീപിക്കാവുന്ന സാധാരണക്കാരനായ പൊതുപ്രവർത്തകനായി അദ്ദേഹം ഇന്നും തുടരുന്നു.

ഒരുകാലത്ത് മബേല കെ.എം.സി.സിയുടെ തണലിൽ നിന്ന് വളർന്ന ഇബ്രാഹിമിന് ഇന്ന് മസ്‌കറ്റിലെങ്ങും ആദരവുകളും അംഗീകാരങ്ങളും തേടിയെത്തുമ്പോൾ, ആ അഭിമാനത്തിൽ പങ്കാളികളാകാൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്ന് മബേല കെ.എം.സി.സിക്കും സഹപ്രവർത്തകർ പറയുന്നു. 'മലയാളം ഒമാൻ', 'പ്രചോദന മലയാളി സമാജം' മസ്‌കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം, കേരള മാപ്പിള കലാ അക്കാദമി ഒമാൻ ചാപ്റ്റർ തുടങ്ങി ഒമാനിലെ വിവിധ പ്രമുഖ സംഘടനകൾ അദ്ദേഹത്തിന്റെ ഈ നിസ്തുല സേവനങ്ങളെ ആദരിച്ചിട്ടുണ്ട്. അദ്ദേഹം പിന്നിട്ട കഠിനമായ വഴികളും, ഒരുപാട് പ്രയാസമനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കാണിച്ച അർപ്പണബോധവുമാണ് ഈ അംഗീകാരങ്ങളുടെയെല്ലാം യഥാർത്ഥ അടിസ്ഥാനം.

ഒമാനിലെ മലയാളികൾക്ക് മാത്രമല്ല, ഇന്ത്യൻ സമൂഹത്തിനാകമാനം തണൽ വിരിക്കുന്ന ഈ വന്മരത്തിന്റെ തണലും സുഗന്ധവും ഏറ്റവുമധികം അറിഞ്ഞത് വേർപിരിഞ്ഞുപോയവരും അവരുടെ വേദനിക്കുന്ന ബന്ധുക്കളുമാണ്. പരലോകത്തെവിടെയോ ഇരുന്നുകൊണ്ട്, തങ്ങളുടെ അന്ത്യയാത്രയ്ക്ക് തുണയായ ആ ചങ്ങാതിയെ നിരവധി ആത്മാക്കൾ ഇന്നും സ്‌നേഹത്തോടെ ഓർക്കുന്നുണ്ടാകാം; മനസ്സുനിറഞ്ഞ് പ്രാർത്ഥിക്കുന്നുണ്ടാകാം. ആ പ്രാർത്ഥനകളുടെ കരുത്തിലാണ് ഇബ്രാഹിം ഒറ്റപ്പാലം തന്റെ സേവന പ്രവർത്തനങ്ങൾ തുടരുന്നത്. ഇബ്രാഹിമിന്റെ ഭാര്യയായ ഷംനയും മക്കളായ ഇൻസിയ, ഇഫ്ര എന്നിവരും നൽകുന്ന പൂർണ്ണ പിന്തുണയാണ് ഈ മനുഷ്യസ്‌നേഹിയെ ഒമാന്റെ പൊതു മണ്ഡലത്തിൽ നിറ സാന്നിധ്യമാക്കി നിലനിർത്തുന്നത്.

Content Highlights: Ibrahim Ottappalam, Oman News