വ്രതാനുഷ്ഠാനത്തിലൂടെ ആത്മീയചൈതന്യം നേടി ചെറിയപെരുന്നാള് ആഘോഷിച്ച് ഒമാന്

മസ്കറ്റ്: വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവുമായി ഒമാന് ചെറിയപെരുന്നാള് ആഘോഷിച്ചു. പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു സ്വദേശികളുടെ ആഘോഷം. ബോഷര് വിലായത്തിലെ സുല്ത്താന് ഖാബൂസ് ഗ്രാന്ഡ് മോസ്കിലാണ് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖ് പെരുന്നാള് നമസ്കാരം നിര്വഹിച്ചത്.
മുപ്പത് നോമ്പിന്റെ നിറപുണ്യവുമായി നാടും നഗരവും നിറഞ്ഞതായിരുന്നു ഒമാനിലെ പെരുന്നാള് ആഘോഷം. സ്വദേശികളും പ്രവാസികളും പള്ളികളിലെത്തി പ്രാര്ഥന നിര്വ്വഹിച്ച ശേഷം വീടുകളില് ഒത്തുകൂടി ആഘോഷം ഗംഭീരമാക്കി. ഗ്രാമീണ മേഖലയിലെ സ്വദേശികളുടെ പെരുന്നാള് ദിനം പാരമ്പര്യ അനുഷ്ഠാനങ്ങള് കൂടി ചേര്ന്നതായിരുന്നു. പീരങ്കിയില് ആകാശത്തേക്ക് വെടി പൊട്ടിച്ച് വാദ്യമേളങ്ങളോടെ ഗ്രാമത്തിലുടനീളം ഘോഷയാത്ര നടത്തിയായിരുന്നു പലയിടത്തും ആഘോഷം. പാരമ്പര്യ ഉച്ചഭക്ഷണത്തോടെയാണ് ആഘോഷങ്ങള് അവസാനിച്ചത്.
ബോഷര് വിലായത്തിലെ സുല്ത്താന് ഖാബൂസ് ഗ്രാന്ഡ് മോസ്കിലാണ് ഒമാന് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖ് പെരുന്നാള് നമസ്കാരം നിര്വഹിച്ചത്. സുല്ത്താന്റെ സായുധ സേനയുടെ കമാന്ഡര്മാര്, റോയല് ഒമാന് പൊലീസ്, മറ്റു സുരക്ഷാ ഏജന്സികള് എന്നിവയിലെ ഉദ്യോഗസ്ഥരും പ്രാര്ഥനാ ചടങ്ങുകളില് പങ്കുചേര്ന്നു. ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ അംബാസഡര്മാരും മറ്റ് നിരവധി പ്രമുഖരും പ്രാര്ഥനയില് പങ്കാളികളായി.
Content Highlights: Eid gaah in Oman